ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യമോ കോളയോ പോലുള്ളവ കഴിക്കുമ്പോള്‍ വായില്‍ ഉമിനീരുണ്ടാകുന്നത് കുറയുമത്രേ. ഇത് പിന്നീട് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും

ചിലര്‍ ഭക്ഷണത്തിനൊപ്പം 'കോള' പോലുള്ള ശീതളപാനീയങ്ങളോ മദ്യമോ ഒക്കെ കഴിക്കാറുണ്ട്. പാര്‍ട്ടികളില്‍ പ്രത്യേകിച്ചും ഇതൊരു പതിവാണ്. എന്നാല്‍ ഭക്ഷണത്തിനൊപ്പം ഇത്തരത്തിലുള്ള പാനീയങ്ങള്‍ കഴിക്കുന്നത് കൊണ്ട് ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

അതായത്, ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യമോ കോളയോ പോലുള്ളവ കഴിക്കുമ്പോള്‍ വായില്‍ ഉമിനീരുണ്ടാകുന്നത് കുറയുമത്രേ. ഇത് പിന്നീട് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഓരോ യൂണിറ്റ് മദ്യവും 10 മുതല്‍ 15 ശതമാനം വരെ ഉമിനീരിന്റെ അളവ് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബിയറോ വൈനോ കഴിക്കുമ്പോള്‍ ഇതുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. 

ദഹനപ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് അത്ര ലളിതമായ ഒരു ആരോഗ്യപ്രശ്‌നമല്ല. കുടല്‍, ആമാശയം, മലാശയം- എന്നുതുടങ്ങി പല ദഹനാവയവങ്ങളുടെ സാധാരണനിലയെ തകര്‍ക്കാന്‍ ദഹനപ്രശ്‌നങ്ങള്‍ക്കാകും. അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ എന്നിങ്ങനെ പല അസുഖങ്ങളിലേക്കും ഇതെത്തിച്ചേക്കാം. ഓരോരുത്തരുടെയും പ്രായം- ആരോഗ്യാവസ്ഥകള്‍ എന്നിവ അനുസരിച്ച് ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമായ മറ്റ് അസുഖങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തേക്കാം. 

ഇനി ഭക്ഷണത്തിനൊപ്പം വളരെ മിതമായ രീതിയില്‍ മദ്യപിച്ചാലും കുഴപ്പമില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അതും അപകടം തന്നെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് പോലും ചിലരില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം അല്‍പം കാത്തിരുന്ന് മാത്രം വെള്ളം കുടിക്കുന്നതാണ് ശരിയായ രീതിയായി കണക്കാക്കപ്പെടുന്നത്. വയറിനെ ബാധിക്കുന്ന 'ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ്' എന്ന അസുഖമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിനൊപ്പം വെള്ളം കഴിക്കുന്ന ശീലം ഉപേക്ഷിക്കണമെന്നാണ് ഡോക്ടര്‍മാരും നിര്‍ദേശിക്കുന്നത്.