ഭക്ഷണം കഴിക്കാനായി ഒരു റെസ്റ്റോറന്‍റില്‍ പോയാല്‍ ആദ്യം നാം ചോദിക്കുന്നത് മെനുകാര്‍ഡ് തന്നെയാകും. ഭക്ഷണമെന്തൊക്കെ ഉണ്ടെന്നും അവയുടെ വിലയും മെനുകാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരത്തിലൊരു മെനുകാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൂണെയിലെ ഒരു കഫേല്‍ നിന്നുള്ളതാണ് ഈ വൈറല്‍ മെനുകാര്‍ഡ്. ഈ മെനുവില്‍ വിഭവങ്ങളെ കുറിച്ച് മാത്രമല്ല, നീണ്ട അരുതുകളുടെ പട്ടികയും നല്‍കിയിട്ടുണ്ട്. 'കടം ചോദിക്കരുത്', 'ചില്ലറ തരുക', തുടങ്ങിയവയാകാം സാധാരണ ഗതിയിൽ നാം ഹോട്ടലുകളിൽ കണ്ടിട്ടുള്ള മുന്നറിയിപ്പുകൾ. എന്നാല്‍ ഈ റെസ്റ്റോറന്‍റില്‍ അനുവാദമില്ലാത്ത മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

ലാപ്ടോപ് ഉപയോ​ഗിക്കരുത്, പുകവലിക്കരുത്, പുറത്തെ ഭക്ഷണം ഉപയോ​ഗിക്കരുത്, ഉച്ചത്തിൽ സംസാരിക്കരുത്, വിലപേശരുത്, ഭക്ഷണം മാറ്റിചോദിക്കരുത്, തീപ്പെട്ടി ചോദിക്കരുത്, ചൂതാട്ടത്തെക്കുറിച്ച് സംസാരിക്കരുത്, തലമുടി ചീകരുത്, പല്ല് തേക്കരുത്, കസേരയ്ക്ക് മുകളിൽ കാൽ വെക്കരുത്, ഉറങ്ങരുത്, കാശ് തരാതെ മുങ്ങരുത്, മേശയ്ക്ക് കീഴെ ച്യുയിംഗം ഒട്ടിച്ചു വയ്ക്കരുത്, മൊബൈലിൽ ഗെയിം കളിച്ചിരിക്കരുത്, ഫുഡ് കൂപ്പണുകൾ എടുക്കില്ല, കാഷ്യറുമായി ഉല്ലാസ സംഭാഷണം പാടില്ല, സൗജന്യ ഉപദേശം വേണ്ട, എന്നിങ്ങനെ 19 കാര്യങ്ങളാണ് ഇവിടെ ചെയ്യാൻ പറ്റില്ല എന്ന് മെനുവിൽ  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

 

'എന്താണ് ഇവിടെ സംഭവിച്ചത്' എന്ന ക്യാപ്ഷനോടെയാണ് ഈ മെനുകാർഡിന്റെ ചിത്രം ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയത്. ഇത്രയും നിബന്ധനകൾ വച്ചിരിക്കുന്ന  റെസ്റ്റോറന്‍റില്‍ ആരെങ്കിലും പോകാൻ തയാറാവുമോ എന്നാണ് പലരും ചോദിക്കുന്നത്. 

Also Read: ആധാര്‍ കാര്‍ഡോ? കണ്‍ഫ്യൂഷനടിപ്പിക്കുന്ന മെനുകാര്‍ഡുമായി ദമ്പതികള്‍...