മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല കോമ്പിനേഷനുകളും സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് നാം കാണുന്നുണ്ട്. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. മാഗി മില്‍ക്ക് ഷേക്ക്, ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക, ഫാന്‍റ ഉപയോഗിച്ച് മാഗി തയ്യാറാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. നല്ല ട്രോളുകളും ഇവയ്ക്ക് ലഭിച്ചിരുന്നു.

ഇതിനുപിന്നാലെയിതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. ന്യൂഡില്‍സും കോള്‍ഡ് കോഫിയും ചേർന്നൊരു കോമ്പിനേഷനാണ് ഇത്. പേര് കോള്‍ഡ് കോഫി മാഗി. പേരുപോലെ തന്നെ കോള്‍ഡ് കോഫിയില്‍ ആണ് മാഗി ന്യൂഡില്‍സ് ഇവിടെ തയ്യാറാക്കുന്നത്. വെള്ളത്തിനു പകരമാണ് കോള്‍ഡ് കോഫി ഉപയോഗിക്കുന്നത്. ആര്‍ ജെ റോഹന്‍ ആണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ആദ്യം പാനില്‍ കോള്‍ഡ് കോഫി ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇതിലേയ്ക്ക് മാഗി ന്യൂഡില്‍സ് ചേര്‍ക്കുന്നു. ഇനി ഇതിലേയ്ക്ക് സവാള, ക്യാപ്‌സിക്കം, പച്ചമുളക് തുടങ്ങിയവ ചേര്‍ത്ത് വഴറ്റിയെടുക്കും. കൂടാതെ ഇതിലേയ്ക്ക് കോഫി പൊടിയും ചേര്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ തക്കാളി കെച്ചപ്പ് കൂടി ചേര്‍ത്താണ് സംഭവം അവസാനിപ്പിക്കുന്നത്. 

View post on Instagram

വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ മാഗി പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. 'നശിപ്പിച്ചു', 'കൊല്ലരുത്' , 'മതിയായില്ലേ ഇനിയെങ്കിലും മാഗി ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ', 'വീണ്ടും മാഗിയോ' തുടങ്ങിയ കമന്‍റുകളുമായാണ് ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. 

Also Read: സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...