ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളാണ് ശരീരത്തിനുള്ളത്. പക്ഷേ, കിട്ടാന്‍ പ്രയാസമുള്ള ഒരു കിടിലന്‍ ഗുണം ഇതിലൂടെ കിട്ടിയാലോ? അതെന്താണെന്ന് വ്യക്തമാക്കാം. 

മോശം ജീവിതശൈലിയുടെ ഭാഗമായി ശരീരവണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഇപ്പോള്‍ ലിംഗഭേദമെന്യേ ചെറുപ്പക്കാര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. കൃത്യമായ വ്യായാമവും ഡയറ്റുമില്ലെങ്കില്‍ ശരീരം കയ്യില്‍ നില്‍ക്കാത്ത അവസ്ഥയാണ് പലര്‍ക്കും. മിക്കവാറും ജിമ്മില്‍ പോകാനോ, അല്ലെങ്കില്‍ സമയത്തിന് ഓട്ടം, നടത്തം എന്നിവയിലേര്‍പ്പെടാനോ ഒന്നും പറ്റാത്തവരും കാണും.

ചെറിയ എന്തെങ്കിലും വ്യായാമവും ഡയറ്റിലെ സൂക്ഷമതയുമൊക്കെയാണ് അവര്‍ക്ക് ആകെയുള്ള ആശ്വാസം. അത്തരക്കാര്‍ക്കാണ് ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പ്രധാനമായും മെച്ചമുണ്ടാകുന്നത്. അതായത്, വണ്ണം കുറയ്ക്കാന്‍ ഇത്രയും മികച്ചൊരു ഭക്ഷണസാധനം വേറെയില്ലെന്നാണ് ഡയറ്റീഷ്യന്മാര്‍ ഈന്തപ്പഴത്തെക്കുറിച്ച് പറയുന്നത്. 

ശരീരത്തില്‍ വന്നടിയുന്ന വിഷാംശങ്ങളെ പുറത്താക്കി, ശരീരം ശുദ്ധിയാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിലൂടെ പ്രമേഹം തടയാനുമെല്ലാം ഏറെ പേരുകേട്ടതാണ് ഈന്തപ്പഴം. ഇതിനൊപ്പം തന്നെ വണ്ണം കുറയ്ക്കാന്‍ സഹായിക്കാനും ഇതിനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ ഉറപ്പുതരുന്നത്. 

ഈന്തപ്പഴം ചെയ്യുന്നത്...

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനമാണ് ഈന്തപ്പഴം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ, ദീര്‍ഘനേരത്തേക്ക് വയറ് നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ തോന്നലുണ്ടാകില്ല.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം. അതെ, ഈന്തപ്പഴവും പ്രോട്ടീനാല്‍ സമ്പന്നമാണ്. പേശീബലത്തിനും, പേശികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം ഒരുപോലെ ഉത്തമം. 

ഡയറ്റ് സൂക്ഷിക്കുന്നവര്‍ എപ്പോഴും നേരിടുന്ന ഒരു പ്രശ്‌നമാണ്, മധുരത്തോടുള്ള ആകര്‍ഷണം. മധുരം കഴിക്കാനുള്ള ആഗ്രഹം വന്നുനില്‍ക്കുന്നത് എന്തെങ്കിലും പലഹാരങ്ങളോ, ബേക്കറികളോ കഴിക്കുന്നതിലായിരിക്കും. അതോടെ ഡയറ്റ് വെള്ളത്തിലുമാകും. അവിടെയാണ് ഈന്തപ്പഴത്തിന്റെ മാജിക്. മധുരം കഴിക്കാന്‍ ആഗ്രഹം തോന്നുമ്പോള്‍ സധൈര്യം ഡയറ്റിലുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണിത്. ആഗ്രഹം സഫലമാക്കുകയുമാവാം, തടിയും സുരക്ഷിതമാകും. 

ഇങ്ങനെയെല്ലാമാണെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത്. അത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. എത്ര നല്ല ഭക്ഷണസാധനമാണെങ്കിലും അത് മിതമായി കഴിച്ചുശീലിക്കുകയാണ് ഏറ്റവും ഉത്തമം. അല്ലാതെ കഴിക്കുമ്പോള്‍ ഒന്നിച്ച് കുറേയധികം കഴിക്കുകയും അല്ലാത്തപ്പോള്‍ കഴിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് ഗുണമില്ലെന്ന് തിരിച്ചറിയുക. അപ്പോള്‍ ദിവസത്തില്‍ എത്ര ഈന്തപ്പഴം വരെയാകാം എന്ന ചോദ്യം വരും. ദിവസത്തില്‍ പരമാവധി അഞ്ചെണ്ണം- അതില്‍ക്കൂടുതലായാല്‍ നന്നല്ലെന്നാണ് ഡയറ്റീഷ്യന്മാരുടെ അഭിപ്രായം. ഇത് രാവിലെയോ വൈകീട്ടോ കഴിക്കാം.