പുരുഷന്മാര്‍ മഷ്റൂം അഥവാ കൂണ്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനം. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മഷ്റൂം.  മഷ്റൂം കഴിക്കുന്നത് പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്നാണൊരു പഠനം പറയുന്നത്. 

ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 40നും 79നും ഇടയില്‍ പ്രായമുളള  36,499 പുരുഷന്മാരിലാണ് പഠനം നടത്തിയത്. 1990ലും 1994ലുമായാണ് പഠനം നടത്തിയത്. മഷ്റൂം കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മഷ്റൂം  ഭക്ഷിച്ചവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. ആഴ്ചയില്‍ മൂന്നോ അതില്‍ കൂടതലോ തവണ മഷ്റൂം കഴിച്ചവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത 17 ശതമാനം കുറഞ്ഞതായും പഠനം പറയുന്നു. ജപ്പാനിലെ ടോഹോകു യൂണിവേഴിസിറ്റി സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്താണ് പഠനം നടത്തിയത്. 

അതുമാത്രമല്ല, മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്‌റൂമില്‍നിന്ന് ലഭ്യമാകും. മഷ്‌റൂമില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്.