ഹാപ്പി ഹോർമോണുകൾ അഥവാ സന്തോഷം നൽകുന്ന ഹോർമോണുകളാണ് ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവ. 

ഹാപ്പി ഹോർമോണുകൾ അഥവാ സന്തോഷം നൽകുന്ന ഹോർമോണുകളാണ് ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവ. മതിയായ സെറോടോണിന്‍റെ അളവ് മനസിന് സന്തോഷം, ശാന്തത, വൈകാരിക സന്തുലിതാവസ്ഥ എന്നിവ നല്‍കും. സെറോടോണിന്‍റെ അളവ് കുറയുന്നത് വിഷാദം, ഉത്കണ്ഠ, മോശം മാനസികാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

 ചില ഭക്ഷണങ്ങൾ സെറോടോണിണിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം: 

1. സാൽമൺ മത്സ്യം 

സാൽമൺ മത്സ്യത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് EPA, DHA എന്നിവ തലച്ചോറിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും സെറോടോണിൻ ഉത്പാദനം കൂട്ടുകയും ചെയ്യും. തലച്ചോറിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും സാൽമൺ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

2. മുട്ട 

സെറോടോണിൻ ഉത്പാദിപ്പിക്കാൻ ശരീരം ഉപയോഗിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്‍റെ നല്ല ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ടയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ തലച്ചോറിന്‍റെയും കണ്ണുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും.

3. നട്സും സീഡുകളും 

നട്സുകളിലും വിത്തുകളിലും ട്രിപ്റ്റോഫാൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം സെറോടോണിൻ ഉൽപാദനം കൂട്ടാന്‍ സഹായിക്കും. 

4. ഓട്സ് 

ഓട്സിലെ കാർബോഹൈഡ്രേറ്റ് തലച്ചോറിലെ ട്രിപ്റ്റോഫാൻ ലഭ്യത വർധിപ്പിക്കുകയും സെറോടോണിൻ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ബി വിറ്റാമിനുകളും ഓട്സിലുണ്ട്. കൂടാതെ ഓട്സ് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

5. പൈനാപ്പിൾ

പൈനാപ്പിളിൽ ഉയർന്ന അളവിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ സെറോടോണിൻ ആയി മാറുന്നു. കൂടാതെ പൈനാപ്പിൾ രോഗപ്രതിരോധ പ്രവർത്തനം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചർമ്മത്തിന്‍റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

6. ചീര 

ട്രിപ്റ്റോഫാനെ സെറോടോണിനാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മഗ്നീഷ്യം ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ചീര രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. വാഴപ്പഴം

വാഴപ്പഴത്തിൽ ട്രിപ്റ്റോഫാനും വിറ്റാമിൻ ബി 6-ും കൂടുതലാണ്, ഇത് ട്രിപ്റ്റോഫനെ സെറോടോണിനാക്കി മാറ്റുന്നതിന് ആവശ്യമാണ്. വാഴപ്പഴം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: യൂറിക് ആസിഡിന്‍റെ അളവ് കൂടുന്നത് തടയാൻ രാവിലെ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

youtubevideo