നമ്മളെ സംബന്ധിച്ച് പെട്രോളെന്ന് കേട്ടാല്‍ത്തന്നെ നെഞ്ചില്‍ ആധിയാണ്. ഓരോ ദിവസും വില മാറിമറിയുമോ എന്ന ആശങ്കയാണ് ശരാശരിക്കാരുടെ ഉള്ളിലുണ്ടാകാറ്. അത്രയും പ്രാധാന്യമാണ് നമുക്ക് പെട്രോളിന്. 

അപ്പോള്‍ പെട്രോളിനെക്കാള്‍ വില പാലിനുള്ള ഒരു നാടിനെപ്പറ്റി ആലോചിച്ചുനോക്കൂ. വേറെയെങ്ങുമല്ല, നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനിലാണ് ഈ സവിശേഷമായ അവസ്ഥയുണ്ടായിരിക്കുന്നത്. അവിടെയിപ്പോള് പാലിന് റെക്കോര്‍ഡ് വിലയാണുള്ളത്. 

പെട്രോള്‍ ലിറ്ററിന് 113 രൂപയാണെങ്കില്‍ പാലിന് ലിറ്ററിന് 140 രൂപ കൊടുക്കണം. നമ്മളെ സംബന്ധിച്ച് അതിശയമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണിത്. പാക്കിസ്ഥാനിലെ കറാച്ചി, സിന്ധ് പ്രവിശ്യകളിലാണ് പാലിന് ഇത്തരത്തില്‍ തീവില ഈടാക്കുന്നത്. മുഹറം വന്നതോടെ പാലിന്റെ ഡിമാന്റ് കുത്തനെ കൂടുകയും ഇതാണ് ഇങ്ങനെയൊരു വിലവര്‍ധനവിലെത്തിച്ചതെന്നും കറാച്ചിയിലെ കച്ചവടക്കാര്‍ പറയുന്നു. 

ഔദ്യോഗികമായി പാലിന് ഇപ്പോഴും 94 രൂപയാണ് ഇവിടങ്ങളിലുള്ളത്. എന്നാല്‍ ലിറ്ററിന് 140 രൂപ എന്ന നിരക്കിലാണ് കടകളില്‍ നിന്ന് ആളുകള്‍ പാല്‍ വാങ്ങിക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ നിസംഗമായ നിലപാടാണ് എടുക്കുന്നതെന്നും വില കുറയ്ക്കാന്‍ വേണ്ട നടപടികളൊന്നുമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്തായാലും പെട്രോളിനെക്കാള്‍ പാലിന് വില കൂടിയത് ഇന്ത്യക്കാരെ സംബന്ധിച്ച് അതിശയമായത് കൊണ്ടുതന്നെ, ഇവിടത്തെ മാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.