പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഇഡ്‌ലിയും സാമ്പാറും പുറത്തിറക്കാന്‍ ബിജെപി നേതാവ്. സേലത്താണ് ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പത്ത് രൂപയ്ക്ക് നാല് ഇഡ്‌ലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പുതിയ സംരംഭം തുടങ്ങുന്നത്. അടുത്തയാഴ്ചയോടെ പ്രവര്‍ത്തനമാരംഭിക്കും. തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സംരംഭത്തിന് പിന്നില്‍.

സംരംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ മോദിയുടെ പടം വച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടത് സൈഡില്‍ മോദിയും വലത് സൈഡില്‍ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ആധുനിക അടുക്കളയില്‍ തയ്യാറാക്കി കൂടുതല്‍ ആരോഗ്യപരവും, രുചികരവുമായ ഇഡ്‌ലിയും സാമ്പാറും മോദി ഇഡ്‌ലിയിലൂടെ ഉടന്‍ ലഭ്യമാകുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. 22 കടകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയും അറിയിച്ചു. 

 

ദിവസം 40,000 ഇഡ്‌ലി തയ്യാറാക്കാന്‍ കഴിയുന്ന മെഷിന്‍ എത്തിക്കഴിഞ്ഞെന്നും അടുത്ത ആഴ്ചയോടെ തുടങ്ങാനാവുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നാട് കൂടിയാണ്‌ സേലം. 

Also Read: ലോക്ക്ഡൌണില്‍ സാധനങ്ങളുടെ വില ഉയര്‍ന്നിട്ടും ഒരു രൂപയ്ക്ക് ഇഡ്ഡലി വില്‍ക്കുന്ന മുത്തശ്ശി...