നാട്ടിന്‍പുറങ്ങളില്‍ ജനിച്ചുവളര്‍ന്നവരെ സംബന്ധിച്ചിടത്തോളം മുരിങ്ങയും മുരിങ്ങക്കായുമെല്ലാം അവരുടെ ഇഷ്ടവിഭവങ്ങളായിരിക്കാനാണ് സാധ്യത. നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ മിക്കപ്പോഴും അവര്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. 

എന്നാല്‍ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതെല്ലാം കിട്ടണമെങ്കില്‍ മാര്‍ക്കറ്റുകള്‍ കയറിയിറങ്ങണം. എന്നാല്‍ മുരിങ്ങയുടേയും മുരിങ്ങക്കായുടേയും ആരോഗ്യഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ ആഴ്ചയിലൊരിക്കലെങ്കിലും ഇത് കഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും മുരിങ്ങ നല്‍കുന്നുണ്ട്. എന്നാല്‍ പുരുഷന് ചില അധിക ഗുണങ്ങളും മുരിങ്ങ കൊണ്ടുണ്ടായേക്കാം. ഇതില്‍ പ്രധാനമാണ് പുരുഷന്റെ ലൈഗികതയുമായി ബന്ധപ്പെട്ട് വേണ്ട ചില ഘടകങ്ങള്‍. 

വിറ്റാമിന്‍-എ, സി, ഡി എന്നിവയാല്‍ സമ്പുഷ്ടമാണ് മുരിങ്ങയും മുരിങ്ങക്കായും. ബീജത്തിന്റെ എണ്ണം കൂട്ടാനും, ഊര്‍ജ്ജം ലഭിക്കാനും പുരുഷനെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍-എ. വിറ്റാമിന്‍- സി, ആണെങ്കില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് ഏറെയും സഹായകമാവുക. കൂട്ടത്തില്‍ രക്തയോട്ടത്തെ ത്വരിതപ്പെടുത്താനും ഇതിനാകും. അതായത്, ലിംഗോദ്ധാരണത്തെ സുഗമമാക്കാന്‍ സഹായകമെന്ന് ചുരുക്കം. 

പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ കാര്യക്ഷമമായി സ്വാധീനിക്കുന്ന ഘടകമാണ് വിറ്റാമിന്‍-സി. ദീര്‍ഘനേരത്തേക്ക് ഊര്‍ജ്ജസ്വലതയോടെ ശരീരത്തെ പിടിച്ചുനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. സെക്‌സ് ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കുന്ന 'സാപോനിന്‍' എന്ന പദാര്‍ത്ഥവും പുരുഷലൈംഗികതയെ ഉത്തേജിപ്പിക്കുന്നു. 

ഇതിനെല്ലാം പുറമേ, മുരിങ്ങയിലടങ്ങിയിരിക്കുന്ന അയേണ്‍, സിങ്ക്, കാത്സ്യം- തുടങ്ങിയ ധാതുക്കളും പുരുഷലൈംഗികതയെ ഊര്‍ജ്ജസ്വലവും ആരോഗ്യകരവുമാക്കുന്നു.