പഴകും തോറും വീര്യം കൂടുന്നതാണ് വൈന്‍ എന്ന് കേട്ടിട്ടില്ലേ. പഴകും തോറും വീര്യം മാത്രമല്ല വിലയും കൂടുമെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വൈന്‍ എന്ന അവകാശവാദവുമായാണ് നിര്‍മ്മാതാക്കള്‍ ഈ 'സ്‌പെഷ്യല്‍' വൈനിനെ പരിചയപ്പെടുത്തുന്നത്.

ഹംഗറിയിലെ ടൊകാജി എന്ന സ്ഥലത്താണ് വിലപിടിപ്പുള്ള ഈ മുന്തിരി വൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2008ല്‍ തയ്യാറാക്കിയ വൈന്‍ 2019ലാണത്രേ പുറത്തെടുത്തത്. അതായത് 12 വര്‍ഷം കാത്തുവച്ച വൈനാണെന്ന് സാരം. സാധാരണ വൈനില്‍ നിന്ന് വ്യത്യസ്തമായി ആല്‍ക്കഹോള്‍ അംശം കൂടുതലാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

1.5 ലിറ്റര്‍ വൈനാണ് ഒരു കുപ്പിയിലുണ്ടാവുക. ഇതുപോലത്തെ 20 കുപ്പികള്‍ക്ക് വേണ്ട വൈന്‍ മാത്രമേ ആകെ നിര്‍മ്മാതാക്കള്‍ തയ്യാറാക്കിയിട്ടുള്ളൂവത്രേ. ഓരോ കുപ്പിയും ഡിസൈന്‍ ചെയ്തിരിക്കുന്നത് തന്നെ വ്യത്യസ്തമായാണ്. ഇത് ഓരോന്നും പ്രത്യേകം തയ്യാറാക്കിയ കറുത്ത പെട്ടികളില്‍ 'റോയല്‍' ആയിട്ടാണ് സജ്ജീകരിച്ചിട്ടുണ്ടാവുക.

ഇതുവരെ 11 കുപ്പി വിറ്റുകഴിഞ്ഞുവെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. എന്തായാലും ഒരു കുപ്പിയുടെ വില കേട്ടാല്‍ തന്നെ സാധാരണക്കാര്‍ക്ക് കലകറക്കം വരുമെന്നാണ് തോന്നുന്നത്. ഇരുപത്തിയെട്ട് ലക്ഷത്തിലധികം രൂപയാണ് ഒരു കുപ്പിയുടെ വില. കൃത്യമായി പറഞ്ഞാല്‍ 28,41,694 രൂപ! ഓ, എങ്ങനെ കുടിക്കുമല്ലേ, ഇത്രയും വിലകൂടിയ വൈൻ!

പഴക്കം മാത്രമാണ് ഈ വൈനിനെ വിലപിടിപ്പുള്ളതാക്കിയത് എന്ന് പറയാനാകില്ല. പ്രത്യേക ഇനത്തില്‍പ്പെട്ട മുന്തിരിയാണ് ഇത് തയ്യാറാക്കാനായി തെരഞ്ഞെടുത്തത്. മാത്രമല്ല. വൈന്‍ ഇട്ടുവയ്ക്കുന്ന വര്‍ഷത്തെ കാലാവസ്ഥയും വളരെ പ്രധാനമാണത്രേ. 2008 ഇതിന് ഏറ്റവും അനുയോജ്യമായിരുന്ന വര്‍ഷമായിരുന്നുവെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്.

അങ്ങനെ ആകെക്കൂടി രാജകീയമായാണ് ഈ വൈന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പറയാം. എങ്കിലും ലോകത്തെ ഏറ്റവും വിലകൂടിയ വൈന്‍ ആണെന്ന അവകാശവാദം ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. 2019ല്‍ വിറ്റഴിക്കപ്പെട്ട വിലകൂടിയ വൈന്‍ എന്ന് വേണമെങ്കില്‍ പറയാമെന്നാണ് ഇവര്‍ പറയുന്നത്.