'വീട്ടിലുള്ളപ്പോള്‍ ഇപ്പോഴും എനിക്ക് വേണ്ട ചായ ഞാന്‍ ഉണ്ടാക്കാറുണ്ട്. ഇഷ്ടഭക്ഷണമായ കിച്ച്ഡി ഞാന്‍ സ്വന്തമായി തയ്യാറാക്കും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കും. കാരണം, ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ചര്‍ച്ചയില്‍ വരാറില്ലല്ലോ!..'

പ്രധാനമന്ത്രി ആയിരിക്കുമ്പോഴും വീട്ടില്‍ താന്‍ സാധാരണക്കാരനാണെന്നും അവിടെയുള്ളപ്പോള്‍ തനിക്ക് വേണ്ട ചായ താന്‍ തന്നെ തയ്യാറാക്കി കഴിക്കാറുണ്ടെന്നും അഭിമുഖത്തില്‍ പങ്കുവച്ച് നരേന്ദ്ര മോദി. 'ആജ് തക്' നടത്തിയ അഭിമുഖത്തിനിടെയാണ് മോദിയുടെ പ്രതികരണം. 

വഴിയരികില്‍ നിന്ന് ചായ കുടിക്കുന്നത് പോലെയുള്ള അനുഭവങ്ങളുടെ സുഖം നഷ്ടപ്പെടുന്നില്ലേയെന്ന ചോദ്യത്തിന് ഉണ്ടെന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞു. 

'ഞാന്‍ പ്രകൃതിയെ വളരെയധികം സ്‌നേഹിക്കുന്നു. മലകളും പുഴകളുമെല്ലാമുള്ള ഒരിടത്ത് വളര്‍ന്നയാളാണ് ഞാന്‍. ഇപ്പോഴും അങ്ങനെയുള്ള ജീവിതമാണ് ഇഷ്ടം. പക്ഷേ അത് സാധ്യമാകാറില്ലെന്ന് മാത്രം.'

തന്റെ മുന്‍കാലങ്ങളിലെ ശീലങ്ങളെ കുറിച്ചും ഇഷ്ടവിഭവങ്ങളെ കുറിച്ചും വിനോദങ്ങളെ കുറിച്ചുമെല്ലാം മോദി അഭിമുഖത്തില്‍ വിവരിച്ചുു.

'വീട്ടിലുള്ളപ്പോള്‍ ഇപ്പോഴും എനിക്ക് വേണ്ട ചായ ഞാന്‍ ഉണ്ടാക്കാറുണ്ട്. ഇഷ്ടഭക്ഷണമായ കിച്ച്ഡി ഞാന്‍ സ്വന്തമായി തയ്യാറാക്കും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കും. കാരണം, ഇത്തരം കാര്യങ്ങളൊന്നും ഒരിക്കലും ചര്‍ച്ചയില്‍ വരാറില്ലല്ലോ! മുമ്പൊക്കെ ആയിരുന്നെങ്കില്‍ രാവിലെ 4:30നോ 5 മണിക്കോ ഒക്കെ എഴുന്നേല്‍ക്കും. വീട് മുഴുവന്‍ വൃത്തിയാക്കും. എല്ലാവര്‍ക്കും വേണ്ടി ചായയുണ്ടാക്കും. എല്ലാവരെയും 5:20 ആകുമ്പേഴ്ക്ക് വിളിച്ചുണര്‍ത്തും. എന്നിട്ട് തയ്യാറാക്കിവച്ച ചായ അവര്‍ക്ക് നല്‍കും. ഒന്ന് പുറത്തുപോയി വന്ന ശേഷം ഞാന്‍ തന്നെ പ്രഭാതഭക്ഷണം തയ്യാറാക്കും. പോഹയാണ് എനിക്ക് ഇഷ്ടമുള്ള മറ്റൊരു ഭക്ഷണം. ഇത്രയും കഴിഞ്ഞ ശേഷം പത്രം വായന... ഇങ്ങനെയൊക്കെയായിരുന്നു രണ്ട്-രണ്ടരക്കൊല്ലത്തെ ശീലങ്ങള്‍'- മോദി കൂട്ടിച്ചേര്‍ത്തു. 

(ഫോട്ടോ കടപ്പാട്: ബന്ദീപ് സിംഗ്)