ജനങ്ങളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ഒരു പദ്ധതിയായിരുന്നു 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്'. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളിലായി 'ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍', 'പ്ലോഗ് റണ്‍', 'സൈക്ലോത്തോണ്‍' എന്നിങ്ങനെയുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. 

പദ്ധതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ 'ഫിറ്റ്‌നസ്' വിഷയത്തില്‍ പ്രമുഖരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയും നടത്തിയിരുന്നു. ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍, മോഡലും നടനുമായ മിലിന്ദ് സോമന്‍, ക്രിക്കറ്റ് താരം വിരാട് കോലി, പാരാലിമ്പിക് ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജാചാര്യ, വനിതാ ഫുട്‌ബോള്‍ താരം അഫ്ഷാന്‍ ആഷിഖ് എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. 

ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും ഡയറ്റിനെ കുറിച്ചുള്ള സംസാരവും വന്നു. ഇതിനിടെയാണ് തന്റെ ആരോഗ്യരഹസ്യമായ ഒരു വിഭവത്തെ കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചത്. 'മുരിങ്ങ പറാത്ത'യാണ് ഏറെ പോഷകങ്ങളടങ്ങിയ ഈ വിഭവം. 

മുരിങ്ങയില കൊണ്ട് പല തരം കറികളുണ്ടാക്കുമെങ്കിലും 'മുരിങ്ങ പറാത്ത', മലയാളികളെ സംബന്ധിച്ച് അത്ര പരിചിതമായ വിഭവം അല്ല. ആഴ്ചയിലൊരിക്കലെങ്കിലും താനിത് കഴിക്കാറുണ്ടെന്നും, ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇത് കഴിക്കുന്നതെന്നും മോദി പറയുന്നു. എന്നുമാത്രമല്ല, 'മുരിങ്ങ പറാത്ത'യുടെ റെസിപി വൈകാതെ പങ്കുവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടില്‍ തയ്യാറാക്കുന്ന ലളിത ഭക്ഷണം തന്നെയാണ് ശരീരത്തിന് നല്ലതെന്നും പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ്- പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ വാക്കുകളുടെ ചുവടുപിടിച്ച് ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കറും പറയുന്നു. 

കൊവിഡ് കാലത്തെ ആരോഗ്യക്ഷമതയെ കുറിച്ചും പാനല്‍ വിശദമായിത്തന്നെ ചര്‍ച്ച ചെയ്തു. മറ്റേത് സമയത്തെക്കാളുമുപരി ആരോഗ്യത്തിന് ഊന്നല് നല്‍കേണ്ട കാലമാണിതെന്നും, അതിന്റെ ഗൗരവം എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും പാനല്‍ വിലയിരുത്തി.

Also Read:- 'കഴിക്ക് മോനേ'; പിറന്നാൾ ദിനത്തിൽ മോദിയുടെ ഇഷ്ടഭക്ഷണം വിളമ്പി അമ്മ...