ഓണക്കാലമായാല്‍ പിന്നെ ആകെ സദ്യവട്ടങ്ങളുടെ ഒരുക്കങ്ങളും ബഹളങ്ങളുമാണ്. ജോലിക്കായി നാടുവിട്ട് നഗരങ്ങളില്‍ ചേക്കേറിയവരും, പഠനത്തിനായി പുറത്തുപോയവരുമെല്ലാം കഴിയുന്നതും വീട്ടിലെത്തുന്ന സമയം. അത്തം തൊട്ടങ്ങോട്ട് ഓണക്കിലുക്കം തുടങ്ങുമെങ്കിലും പത്ത് ദിവസവും സദ്യയൊരുക്കുന്ന വീടുകളൊക്കെ ഇന്ന് വളരെ കുറവാണ്. എന്തായാലും തിരുവോണദിവസം സദ്യ നിര്‍ബന്ധം തന്നെ. 

എന്നാല്‍ ഈ സദ്യക്കാര്യത്തിലും ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പൊതുവേ പച്ചക്കറിവിഭവങ്ങളാണ് സദ്യക്കായി വീടുകളിലൊരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്കാണ് പ്രിയം. 

വടക്കന്‍ ജില്ലകളിലാണ് ഇത്തരത്തില്‍ നോണ്‍-വെജ് സദ്യ പ്രചാരത്തിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്ക് ആരാധകരേറെയാണ്. എന്നാല്‍ ഇതിലും ചിട്ടവട്ടങ്ങള്‍ പാലിക്കുന്ന വിഭാഗങ്ങളുണ്ടെന്നത് വസ്തുത തന്നെയാണ്. അതായത്, പച്ചക്കറിയല്ലാത്ത ഒരു വിഭവും തിരുവോണദിവസം വയ്ക്കില്ലെന്ന തീരുമാനത്തില്‍ നില്‍ക്കുന്നവര്‍. 

എങ്കിലും വടക്കേ മലബാറിലുള്ളവര്‍ക്ക് തങ്ങളുടെ നോണ്‍-വെജ് സദ്യയില്‍ അഭിമാനമേയുള്ളൂ. ഓര്‍മ്മയില്‍ ഓരോണം പോലും മീനോ ഇറച്ചിയോ ഇല്ലാതെ ഉണ്ടിട്ടില്ലെന്നാണ് കണ്ണൂരിലെയും കാസര്‍കോട്ടെയുമെല്ലാം അറുപതുകാര്‍ പോലും പറയുന്നത്. 

'ഏറ്റവും വില കൂടിയ ഏത് മീനാണോ മാര്‍ക്കറ്റില്‍ കിട്ടുന്നേ, അത് വാങ്ങിക്കൊണ്ടുവന്നിട്ട് വറുക്കും, ചെലപ്പോ ചിക്കനും വയ്ക്കും... ഇപ്പോ ഒക്കെ മിക്കവാറും എല്ലാ വീടുകളിലും തിരുവോണത്തിന് ബിരിയാണി ആയിട്ടുണ്ട്. ബിരിയാണി ഇല്ല- സദ്യയാണെങ്കി അതിന്റെ കൂട്ടത്തില്‍ എന്തായാലും മീനോ ഇറച്ചിയോ കാണും... അങ്ങനല്ലാതെ എന്ത് ഓണമാണ്...'- കണ്ണൂരുകാരനായ അമല്‍ പറയുന്നു. 

'ഞങ്ങക്ക് ഓണത്തിന് ചിക്കനാണ് മെയിന്‍. സദ്യ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിക്കന്‍ മസ്റ്റ് ആണ്...'- കാസര്‍കോഡുകാരിയായ അനുഷ പറയുന്നു. 

സാമുദായികമായ വ്യത്യാസങ്ങളും സദ്യയില്‍ മീനോ ഇറച്ചിയോ വിളമ്പുന്നതില്‍ ഒരു പ്രധാന ഘടകമാകാറുണ്ട്. എങ്കില്‍ക്കൂടിയും ഇപ്പോള്‍ സ്വന്തം താല്‍പര്യത്തിനും ഇഷ്ടത്തിനും കുറെക്കൂടി പ്രാധാന്യം കൊടുക്കുന്നവരും പുതിയ തലമുറയ്ക്കായി ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവയ്ക്കുന്നവരും കുറവല്ല. 

തെക്കന്‍ ജില്ലകള്‍ പൊതുവേ പച്ചക്കറിവിഭവങ്ങള്‍ കൊണ്ട് മാത്രം സദ്യ തയ്യാറാക്കുന്നവരാണ്. ഓണദിവസം ഇലയില്‍ മീനോ ഇറച്ചിയോ വിളമ്പുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നാണ് ഇവരുടെ വാദം. 

'മറ്റ് ആഘോഷങ്ങളിലെല്ലാം ചിക്കനൊക്കെ ഉണ്ടാക്കും. പക്ഷേ ഓണദിവസം അതിന്റെ ചിട്ടയൊന്നും മാറ്റില്ല. പച്ചക്കറി മാത്രമേ ഉണ്ടാക്കൂ. അന്ന് സദ്യക്കൊപ്പം നോണ്‍ കഴിക്കുകയെന്ന് പറയുന്നത് നമ്മളെ സംബന്ധിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലാ...'- തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ പറയുന്നു. 

വടക്കേ മലബാറുകാരുടെ നോണ്‍- ഓണസദ്യ പൊതുവേ കേരളത്തിന്റെ തനത് സദ്യാസംസ്‌കാരത്തില്‍ ഉള്‍ക്കൊള്ളാറില്ല. ഇക്കാര്യത്തില്‍ അല്‍പം ദുഖമുണ്ടെന്നാണ് അവര്‍ പറയുന്നത്. തലമുറകളായി തങ്ങള്‍ ഇത്തരത്തിലാണ് സദ്യയൊരുക്കുന്നതെന്നും അതില്‍ മോശമായിട്ടൊന്നുമില്ലെന്നും അവര്‍ വാദിക്കുന്നു. എന്തായാലും പണ്ടത്തെ അപേക്ഷിച്ച് നോണ്‍- സദ്യക്ക് അല്‍പം കൂടിയൊരു സ്വീകാര്യത വന്നുചേര്‍ന്നിട്ടുണ്ടെന്നുകൂടി ഇവര്‍ സസന്തോഷം പറയുന്നു. 

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ഓണസദ്യയുടെ കാര്യത്തിലും അയഞ്ഞ ചിന്താഗതിയുള്ള നിരവധി പേരുണ്ട് കെട്ടോ. ഇതില്‍ തെക്കെന്നോ വടക്കെന്നോ മദ്ധ്യകേരളമെന്നോ വകഭേദമില്ലതാനും. വിഭവമേതായാലും അവരവരുടെ ഇഷ്ടത്തിനും സന്തോഷത്തിനുമനുസരിച്ച് അത് തയ്യാറാക്കി, ഒന്നിച്ചിരുന്ന് കഴിക്കുന്നത് തന്നെയാണ് ഓണമെന്ന് ഇക്കൂട്ടര്‍ പറയുന്നു. 

മനസുനിറഞ്ഞ്, സംതൃപ്തിയോടെ കഴിക്കാന്‍ ഓരോരുത്തരും തെരഞ്ഞെടുക്കുന്ന ഭക്ഷണം വ്യത്യസ്തമായിരിക്കും. അക്കാര്യങ്ങളില്‍ ആ വ്യത്യസ്തതയെ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. അപ്പോഴിനി സദ്യയുടെ പേരിലൊരു അഭിപ്രായ വ്യത്യാസം വേണ്ടല്ലോ, പച്ചക്കറി വേണ്ടവര്‍ക്ക് അതാകാം. മീനോ ഇറച്ചിയോ വേണ്ടവര്‍ക്ക് അത്, ഇനി ബിരിയാണി വേണ്ടവരാണെങ്കില്‍ അതും ആകാം. ഓണമെന്നാല്‍ നിറഞ്ഞ സന്തോഷം എന്നുതന്നെയാകട്ടെ അര്‍ത്ഥം.