ഭക്ഷണം പാകം ചെയ്യാനായി ഓരോ വീടുകളിലും തെരഞ്ഞെടുക്കുന്നത് അവരവരുടെ ഇഷ്ടപ്രകാരമുള്ള ഓയിലാണ്. കേരളത്തിലാണെങ്കില്‍ മിക്ക വീടുകളിലും സാധാരണഗതിയില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്നാല്‍ ചെറിയൊരു വിഭാഗം ആളുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ഒലിവ് ഓയിലും ഉപയോഗിക്കുന്നത് കാണാറുണ്ട്. 

ഇതില്‍ ഏത് എണ്ണയാണ് സത്യത്തില്‍ ഏറ്റവും നല്ലത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വെളിച്ചെണ്ണയ്ക്കും ഒലിവ് ഓയിലിനും അതിന്റേതായ ഗുണങ്ങളുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും? 

ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലില്‍ 120 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതുപോലെ ആകെ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് 14 ഗ്രാം ആണ്. ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ ഒലിവ് ഓയിലെടുത്താലും കലോറിയുടേയും കൊഴുപ്പിന്റേയും അളവ് ഒന്ന് തന്നെയാണ്. എന്നാല്‍ 'സാച്വറേറ്റഡ് ഫാറ്റി ആസിഡ്' അഥവാ അനാരോഗ്യകരമായ കൊഴുപ്പ്, 'മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡ്' അഥവാ ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ കാര്യം വരുമ്പോള്‍ വെളിച്ചെണ്ണയും ഒലിവ് ഓയിലും രണ്ട് തട്ടിലാണ്. 

ഒരു ടീസ്പൂണ്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലില്‍ 13 ഗ്രാമോളം 'സാച്വറേറ്റഡ് ഫാറ്റി ആസിഡ്' അടങ്ങിയിട്ടുണ്ട്. അതേസമയം ഒലിവ് ഓയിലില്‍ ആണെങ്കില്‍ ഇത് രണ്ട് ഗ്രാം മാത്രമാണ്. അതായത്, ആകെ കൊഴുപ്പിന്റെ അളവ് നോക്കുമ്പോള്‍ രണ്ടിലും ഒരേ അളവാണ് ഉള്ളതെങ്കിലും ആരോഗ്യകരമായ കൊഴുപ്പുള്ളത് ഒലിവ് ഓയിലില്‍ ആണെന്ന് സാരം. 

അതുപോലെ തന്നെ ലോകമാകെ അംഗീകരിക്കപ്പെട്ട 'മെഡിറ്ററേനിയന്‍ ഡയറ്റി'ല്‍ ഉപയോഗിക്കുന്നത് ഒലിവ് ഓയില്‍ ആണ്. ഹൃദയത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാനാണ് പ്രധാനമായും 'മെഡിറ്ററേനിയന്‍ ഡയറ്റ്' ഉപകാരപ്പെടുന്നത്. അതുപോലെ തന്നെ ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണം എന്നിവയെ തടയുന്നതിനും ഈ ഡയറ്റ് പേര് കേട്ടതാണ്. എന്നുവച്ചാല്‍ വെളിച്ചെണ്ണയെക്കാള്‍ ഗുണപ്രദം എപ്പോഴും ഒലിവ് ഓയില്‍ തന്നെയായിരിക്കും എന്ന്.