വെളിച്ചെണ്ണയിലെ 'മായ'മാണെങ്കിലും പാചകരംഗത്ത് പാമോയിലിനു സ്വന്തമായൊരു സ്ഥാനമുണ്ട്‌. ശുദ്ധമായ വെളിച്ചെണ്ണയുടേയും എള്ളെണ്ണയുടേയുമൊക്കെ വില വളരെ കൂടുതലാണെന്നതും വില കുറഞ്ഞ ബ്രാന്റുകൾ അപകടകരമാം വിധം മായം കലർന്നതാണെന്നതുമൊക്കെയാണ് ജനങ്ങളെ പാമോയിലിലേക്കാകർഷിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലക്ക് വെളിച്ചെണ്ണയ്ക്ക് പകരം വയ്ക്കാവുന്ന ജൈവ എണ്ണയാണ് പാമോയിൽ. എള്ളെണ്ണയുടേയും വെളിച്ചെണ്ണയുടേയും ഗുണമേന്മയോ ഔഷധമൂല്യമോ ഇല്ലെങ്കിലും പാചക ആവശ്യങ്ങൾക്കായി ധാരാളം പേർ പാമോയിലിനെ ആശ്രയിക്കുന്നു. പൊതുവേ വിലക്കുറവാണെങ്കിലും അമിതമായ ലാഭക്കൊതി ഇവിടേയും മായം ചേർക്കലിനു കാരണമാകുന്നെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. അതുകൊണ്ടുതന്നെ പാമോയിൽ വാങ്ങുമ്പോഴും നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

എന്താണ് പാമോയിൽ?

എണ്ണപ്പനയുടെ കായയുടെ പൾപ്പിൽ നിന്നാണ് സാധാരണ നാമുപയോഗിക്കുന്ന പാമോയിൽ നിർമ്മിക്കുന്നത്. പൾപ്പിനകത്തെ കുരു ആട്ടി എടുക്കുന്ന പാം കെർനൽ ഓയിലും വിപണിയിൽ ലഭ്യമാണ്. ഇതിലെ ഉയർന്ന തോതിലുള്ള ബീറ്റാ കരോട്ടിനുകളാണ് പാമോയിലിൽ ഏറ്റവും ശ്രദ്ധേയം. ഇതുകൊണ്ടാണ് പാമോയിലിന് സ്വാഭാവികമായിചുവപ്പുരാശിയുള്ള നിറം കാണുന്നത്. വെളിച്ചെണ്ണയിലേതുപോലെ പാമോയിലും ബ്ളീച്ചിങ്ങും ഡിയോഡൊറൈസിങ്ങും മറ്റും നടത്തി 'റിഫൈൻഡ്' ആയി ലഭ്യമാകുന്നുണ്ട്. അത്തരം റിഫൈൻഡ് പാം ഓയിലിൽ ബീറ്റാ കരോട്ടിന്റെ അളവ് തീരെ കുറവായിരിക്കും. സ്വാഭാവിക പാമോയിലിലെ സാച്ചുറേറ്റഡ് ഫാറ്റ് 49% ആണ്, വെളിച്ചെണ്ണയുടെ പകുതിയോളം മാത്രം. (പാം കെർനൽ ഓയിലിൽ ഇത് വെളിച്ചെണ്ണയോളം ഉണ്ടാകും) അതേസമയം പാമോയിലിൽ നിന്ന് സാച്ചുറേറ്റഡ് ഫാറ്റിന്റെ അളവ് കൂടും വിധം ഘടകങ്ങൾ വേർതിരിച്ചെടുത്ത് ഉപയോഗിക്കുന്നുമുണ്ട്. 

മായം ഇങ്ങനെ

നാച്വറൽ പൊട്ടാഷും മണിച്ചോളത്തിന്റെ ഇലത്തണ്ടിൽ നിന്നുണ്ടാക്കുന്ന റെഡ് ഡൈയുമാണ് പാം ഓയിലിൽ ചേർക്കുന്ന പ്രധാന മായങ്ങൾ. എണ്ണപ്പനയുടെ പൾപ്പിൽ നിന്നു തന്നെ  ഭക്ഷ്യോപയോഗ്യമല്ലാത്ത എണ്ണയും ഉണ്ടാകുന്നുണ്ട്. ഇതും പാചകാവശ്യത്തിനുള്ള പാമോയിലിൽ കലർത്തി വിപണിയിലെത്തുന്നു. ഗുണനിലവാരമില്ലാത്ത എണ്ണയ്ക്ക് നല്ല പാമോയിലിന്റെ രൂപഭാവങ്ങൾ വരുത്താൻ നടത്തുന്ന ബ്ളീച്ചിങ്ങും ഡിയോഡറൈസിങ്ങും പോലുള്ള പ്രക്രിയകളിലൂടെ നഷ്ടപ്പെടുന്ന ഗുണങ്ങളും കലർത്തുന്ന കെമിക്കലുകൾ ഉണ്ടാകുന്ന മായവും പാമോയിലിനുമുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണുമായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു.

മായം മൂലം രോഗങ്ങൾ

ഭക്ഷ്യവിഷബാധകൾ ഉണ്ടാക്കുന്ന എല്ലാതരം ആരോഗ്യപ്രശ്നങ്ങൾക്കും പാമോയിലിലെ മായവും കാരണമാകാം.  കരൾ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, ഹൃദ്രോഗം, നാഡീവ്യൂഹത്തിനും തലച്ചോറിനുമുണ്ടാകുന്ന തകരാറുകൾ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഇത്തരം മായം കലർന്ന എണ്ണയുടെ സ്ഥിരമായ ഉപയോഗത്തിലൂടെ ഉണ്ടാകാം. മായം ചേർന്ന പാമോയിൽ ഉപഭോഗം ഗർഭം അലസൽ പോലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.

മായം എങ്ങനെ കണ്ടെത്താം?

താരതമ്യേന എളുപ്പത്തിൽ പാമോയിലെ മിക്ക മായങ്ങളും കണ്ടെത്താം. മായം ചേർത്ത പാമോയിലിന്റെ നിറം, മണം, രുചി, പ്രകൃതം എന്നിവ മിക്കവാറും വ്യത്യാസപ്പെട്ടിരിക്കും. നിറമില്ലാത്ത ഒരു ചില്ലു ഗ്ളാസിൽ കുറച്ചു പാമോയിലെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ (ഫ്രീസറിലല്ല) വെച്ചാൽ പാമോയിൽ കട്ട പിടിക്കുകയും മായം കലർന്നിട്ടുണ്ടെങ്കിൽ അവ വേറിട്ടു നിൽക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. ഒരു ഹോട്ട്പ്ലേറ്റിൽ വച്ച് പാമോയിൽ ചൂടാക്കിയാൽ നിറവ്യത്യാസം വേഗം തിരിച്ചറിയാം. രാസമാലിന്യം ഉണ്ടോ എന്നറിയാൻ ഏതാനും തുള്ളി എണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേർത്തു നടത്തുന്ന പരിശോധന പാമോയിലിന്റെ കാര്യത്തിലും ഫലപ്രദമാണ്. നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ ആ എണ്ണയിൽ മായമുണ്ട്.  ശാസ്ത്രീയ പരിശോധനകളിൽ ഫ്രീ ഫാറ്റി ആസിഡ് കണ്ടന്റ്, അയഡിൻ വാല്യു, സ്പെസിഫിക് എക്സ്ടിങ്ക്ഷൻ തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ പാമോയിലിന്റെ ഗുണനിലവാരം കണ്ടെത്താം.