സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല ചിത്രങ്ങളും വീഡിയോകളുമെല്ലാം പിന്നീട് വ്യാജമാണെന്ന് നാം തിരിച്ചറിയാറുണ്ട്. പ്രത്യേകിച്ച് നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടിട്ടില്ലാത്തതും അറിവിലില്ലാത്തതുമായ കാര്യങ്ങളെ കുറിച്ചുള്ളവ. അത്തരമൊരു ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വലിയ ശ്രദ്ധ നേടിയത്. 

അസാമാന്യ വലിപ്പമുള്ള വെളുത്തുള്ളി അല്ലികളാണ് ചിത്രത്തിലുള്ളത്. മോണി ഇയാര്‍ട്ട് എന്ന പ്രൊഫൈലില്‍ നിന്നാണ് ആദ്യമായി ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. 

ഇത്രയും വലിയ വെളുത്തുള്ളി എവിടെയും കാണില്ലെന്നും ചിത്രം വ്യാജമാണെന്നും വാദിച്ച് നിരവധി പേരാണ് ഇതിനിടെ രംഗത്തെത്തിയത്. എന്നാല്‍ സംഗതി സത്യമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 'എലിഫന്റ് ഗാര്‍ലിക്' എന്നറിയപ്പെടുന്ന പ്രത്യേകയിനത്തില്‍ പെട്ട വെളുത്തുള്ളിയാണത്രേ ഇത്. 

 

 

പേര് സൂചിപ്പിക്കും പോലെ തന്നെ, അസാധാരണമായ വലിപ്പമാണ് ഇവയ്ക്കുണ്ടാവുക. എന്നാല്‍ നമ്മള്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ രുചിയോ, അതിന്റെ തീവ്രമായ ഗന്ധമോ ഗുണമോ ഒന്നും ഇവയ്ക്കില്ലത്രേ. അധികവും ഉള്ളിച്ചെടിയുമായാണ് ഇവയുടെ രുചിക്ക് സാമ്യമെന്നും പലരും അഭിപ്രായപ്പെടുന്നു. 

എന്തായാലും പുതിയൊരു വിവരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ട്വിറ്ററിലെ ഭക്ഷണപ്രേമികള്‍. മിക്കവരും ഇതൊരു വ്യാജ ചിത്രമാകുമെന്ന ധാരണയില്‍ തന്നെയായിരുന്നു. കൂടുതല്‍ പേര്‍ക്കും 'എലിഫന്റ് ഗാര്‍ലിക്' എന്ന ഇനത്തെ കുറിച്ച് കേട്ടറിവ് പോലും ഇല്ലായിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണമായതും. 

Also Read:- വെളുത്തുള്ളി കഴിക്കുന്നതും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം...