നെടുനീളത്തിലൊരു മേശ. അതിന് മുകളില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന ചൂടുള്ള 'മാര്‍ഗരീറ്റ' പിസ. മുകളില്‍ ബേസില്‍ ലീവ്‌സും ഒലിവ് ഓയിലും ഒറിഗാനോയും വിതറി അലങ്കരിച്ചിരിക്കുന്നു. 338 അടി നീളമാണ് ഈ വമ്പന്‍ പിസയ്ക്ക്. 

സാധാരണഗതിയില്‍ ഏതെങ്കിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആളുകള്‍ ഇങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ സിഡ്‌നിയില്‍ പിസ ഷോപ്പ് നടത്തുന്ന പിയറും സഹോദരി റോസ്‌മേരിയും ലക്ഷ്യമിടുന്നത് മറ്റൊന്നാണ്. 

ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീയില്‍ കോടാനുകോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ് ഇരുപതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രക്ഷാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. എത്രയോ മൃഗങ്ങളും അവയുടെ ആവാസവ്യവസ്ഥയും ചാരമായി. ആയിരക്കണക്കിന് പേരെ പുനരധിവസിപ്പിച്ചു. 

ഈ ദുരന്തത്തെ അതിജീവിക്കുന്നതിനാണ് പിയറും റോസ്‌മേരിയും 'വമ്പന്‍' പിസ തയ്യാറാക്കിയത്. ഈ ഉദ്ദേശശുദ്ധി അറിഞ്ഞതോടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും രുചി നുണയാന്‍ എത്തിയത് ഏതാണ്ട് മൂവ്വായിരം പേരാണ്. ആകെ 4000 പേര്‍ തങ്ങളുണ്ടാക്കിയ പിസ കഴിച്ചുവെന്നും ഇതില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ദുരന്തത്തെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനായി സംഭവാനയായി നല്‍കുമെന്നും ഇരുവരും അറിയിച്ചു.