ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പൂരിക്കും ചപ്പാത്തിക്കും ഒപ്പമൊക്കെ കഴിക്കാന്‍ പറ്റിയ കിടിലന്‍ ഉരുളക്കിഴങ്ങ് പൊടി മാസ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ഉരുളക്കിഴങ്ങ് - 2 എണ്ണം ( ഒരു ഇഞ്ച് നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു കഴുകി വെക്കുക)

ചെറിയ ഉള്ളി -15 എണ്ണം അരിഞ്ഞ് വെക്കുക

ഉണക്ക മുളക് -3 എണ്ണം

പച്ച മുളക് -3 എണ്ണം

വെളുത്തുള്ളി - 4 അല്ലി ചെറുതായി മുറിച്ചു വെക്കുക)

മഞ്ഞൾ പൊടി -1 ടീസ്പൂണ്‍

വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

കാശ്മീരി മുളക് പൊടി -1 ടീസ്പൂണ്‍

നെയ്യ്-1 ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

കടുക്

ഇഡലി / ദോശ പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഉരുളക്കിഴങ്ങ് ഒന്ന് വേവിച്ചു എടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയുമിട്ട് തിളച്ചു വരുമ്പോൾ ഉരുളക്കിഴങ്ങ് ഇട്ടു കൊടുത്തു ഒരു 90 ശതമാനം വരെ വേവിച്ചു എടുക്കുക. എന്നിട്ടു അത് വെള്ളത്തിൽ നിന്നും ഊറ്റി മാറ്റി വെക്കുക. ഇനി ഒരു ഫ്രൈ പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. ഇനി അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പില, പച്ചമുളക്, ഉണക്ക മുളക് എന്നിവയിട്ട് കൊടുത്തു നന്നായി വഴറ്റി എടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ തീ നന്നായി കുറിച്ചിട്ടു ഇതിലേക്ക് ഒരു മൂന്ന് ടീസ്പൂണ്‍ ഇഡലി പൊടി ഇട്ടു കൊടുക്കുക. എല്ലാം ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് കുറച്ച് കാശ്മീരി മുളക് പൊടി ഇട്ടു കൊടുക്കുക. ഇനി നേരെത്തെ വേവിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ ഇതിലേക്ക് ഇട്ടു കൊടുത്തു ഇളക്കി നന്നായി മൊരിച്ചെടുക്കുക. ഉപ്പ് വേണമെങ്കിൽ അതുമിട്ട് കൊടുക്കാം. എല്ലാം ഒന്ന് മൊരിഞ്ഞു വരുമ്പോൾ 1 ടീസ്പൂണ്‍ നെയ്യ് കൂടെ ഒഴിച്ച് ഒന്നും കൂടെ മൊരിച്ചെടുക്കുക. ഇതോടെ നല്ല സൂപ്പർ ടേസ്റ്റി പൊട്ടറ്റോ പൊടി മാസ് റെഡി.

YouTube video player