ഉരുളക്കിഴങ്ങും സവാളയും ഇല്ലാത്ത അടുക്കളകള്‍ കാണില്ല. നമ്മുടെ ഭക്ഷണരീതികളില്‍ അത്രമാത്രം പ്രാധാന്യമാണ് ഇവയ്ക്ക് രണ്ടിനുമുള്ളത്. മറ്റൊന്നുമില്ലെങ്കിലും സവാളയും ഉരുളക്കിഴങ്ങും നമുക്ക് എപ്പോഴും വേണം. ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാവുന്ന രണ്ട് സാധനങ്ങളായതിനാല്‍ത്തന്നെ വലിയ അളവില്‍ത്തന്നെയാണ് നമ്മളിത് വാങ്ങുകയും ചെയ്യാറ്. 

ഇങ്ങനെ വാങ്ങിക്കുന്ന ഉരുളക്കിഴങ്ങും സവാളയും മിക്കവാറും ഒരു കൂടയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വെക്കേണ്ടാത്തതിനാല്‍ ആയിരിക്കാം, ഒറ്റയടിക്ക് ഇവയെ മാറ്റിവയ്ക്കുന്നത്. 

എന്നാല്‍ ഉരുളക്കിഴങ്ങും സവാളയും ഒന്നിച്ച് സൂക്ഷിക്കരുതെന്നാണ് 'ഫുഡ് എക്‌സ്പര്‍ട്ടുകള്‍' പറയുന്നത്. ഇതിന് കാരണവുമുണ്ട്. ഉള്ളിയില്‍ നിന്ന് 'എഥിലിന്‍ ഗ്യാസ്' എന്നൊരു വാതകം പുറപ്പെടുന്നുണ്ട്. ഇത് തൊട്ടടുത്ത് കിടക്കുന്ന ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ കേടാകാനും ചീഞ്ഞുപോകാനും ഇടയാക്കുന്നു. 

 

 

മാത്രമല്ല, ഈ വാതകം ഉരുളക്കിഴങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മുള പൊട്ടുന്നതിനും കാരണമാകും. മുള പൊട്ടിയ ഉരുളക്കിഴങ്ങാകട്ടെ, ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധിച്ചുവേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരുളക്കിഴങ്ങിന്റെ മുളയില്‍ ഉയര്‍ന്ന അളവില്‍ 'ഗ്ലൈക്കോ ആല്‍ക്കലോയ്ഡ്‌സ്' കാണപ്പെടുന്നു. ഇത് നാഡീവ്യവസ്ഥയെ വരെ ബാധിക്കാന്‍ സാധ്യതയുള്ള ഹാനികരമായ പദാര്‍ത്ഥമാണത്രേ. മുള പൊട്ടിയ കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ കത്തിയുപയോഗിച്ച് ആ ഭാഗങ്ങള്‍ മുഴുവനായി കളയുക. ശേഷം മാത്രം ഉപയോഗിക്കാം.

ഇതിനെല്ലാം പുറമെ ഉള്ളിയും ഉരുളക്കിഴങ്ങും ഒരുപോലെ നനവിനെ പുറത്തുവിടുന്ന രണ്ട് സാധനങ്ങളാണ്. ഇത് എളുപ്പത്തില്‍ ഇവ രണ്ടും ചീത്തയാകുന്നതിന് കാരണമാകും. ഉള്ളിയും ഉരുളക്കിഴങ്ങും യഥാര്‍ത്ഥത്തില്‍ രണ്ട് രീതിയില്‍ സൂക്ഷിക്കേണ്ടവയാണ്. 

 

 

ഉരുളക്കിഴങ്ങാണെങ്കില്‍, അധികം ചൂടും, പ്രകാശവും എത്താത്ത വരണ്ട സ്ഥലങ്ങളിലാണ് സൂക്ഷിക്കേണ്ടത്. സാധാരണ താപനിലയില്‍ നിന്ന് താഴെയും, എന്നാല്‍ ഫ്രിഡ്ജിലെ താപനിലയില്‍ നിന്ന് മുകളിലും ആയി വേണം സൂക്ഷിക്കാന്‍. 

ഉള്ളിയാണെങ്കില്‍, അല്‍പം വെളിച്ചവും കാറ്റും കിട്ടത്തക്ക തരത്തില്‍ വയ്‌ക്കേണ്ടതാണ്. പേപ്പര്‍ ബാഗിലോ, കൂടയിലോ നനവ് പറ്റാതെ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും അത്ര നന്നല്ല. 

Also Read:- ചെറിയ ഉള്ളി അടുക്കളത്തോട്ടത്തില്‍; പൂക്കളും ഭക്ഷ്യയോഗ്യം...