താരങ്ങളുടെ ഇഷ്ടഭക്ഷണങ്ങളറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകമാണ്. എങ്ങനെയാണ് അവരുടെ ഡയറ്റ്? സാധാരണക്കാരുടെ ഭക്ഷണങ്ങള്‍ അവര്‍ക്കും പ്രിയപ്പെട്ടതാണോ? എത്ര വിലയുള്ള വിഭവങ്ങളാണ് അവര്‍ കഴിക്കുന്നത്? എന്നിങ്ങനെയെല്ലാമുള്ള വിവരങ്ങള്‍ ആരാധകര്‍ക്കറിയണം. 

ഇന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രം പക്ഷേ, വ്യത്യസ്തമായൊരു സംശയം കൂടി ആരാധകരിലുണ്ടാക്കി. വിഭവം എന്താണെന്ന് കൃത്യമായി മനസിലാകില്ലെങ്കിലും, അത് വിളമ്പിയ പാത്രത്തിന്റെ വശങ്ങളില്‍ 500 രൂപാനോട്ടുകള്‍ നിരത്തിവച്ചിരിക്കുന്നത് കാണാം. 

അതെന്താണ് അങ്ങനെയൊരു അലങ്കാരമെന്നതായിരുന്നു പലരുടേയും സംശയം. 'കാഷ് ഇന്‍ മൈ ഡെസേര്‍ട്ട്' എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയിരുന്ന അടിക്കുറിപ്പും. 

'ദൗലത് കി ചാറ്റ്' എന്നറിയപ്പെടുന്ന ഒരു ഡെസേര്‍ട്ടാണ് സംഗതി. ദൗലത് എന്നാല്‍, സമൃദ്ധി എന്നര്‍ത്ഥം. അതായത്, പണക്കാരുടെ വിഭവം എന്ന് സാരം. ദില്ലിയിലെ ഒരു പ്രമുഖ റെസ്‌റ്റോറന്റില്‍ ഇത് വിളമ്പുന്ന സ്റ്റൈലാണ് പ്രിയങ്കയുടെ ചിത്രത്തിലുള്ളത്. പണക്കാരുടെ വിഭവമായത് കൊണ്ട് വശങ്ങളില്‍ 500 രൂപാനോട്ടുകളെ ഓര്‍മ്മിക്കുന്ന കടലാസുകള്‍ വച്ച് അലങ്കരിക്കുന്നത് ഇവിടത്തെ വ്യത്യസ്തതയാണ്. 

വടക്കേ ഇന്ത്യയില്‍ പല പേരുകളിലറിയപ്പെടുന്ന 'ദൗലത് കി ചാറ്റ്' പലരുടേയും പ്രിയപ്പെട്ട വിഭവം കൂടിയാണ്. പാല്‍ മണിക്കൂറുകളോളം കടഞ്ഞ്, അതില്‍ പഞ്ചസാരയും ഏലയ്ക്കയും പിസ്ത- ബദാം പോലുള്ള ഡ്രൈ നട്ട്‌സും ചേര്‍ത്തുണ്ടാക്കുന്ന കിടിലന്‍ ഡെസേര്‍ട്ടാണ് ഇത്. പരമ്പരാഗതമായ ഒരു വിഭവം കൂടിയാണിത്. സാധാരണഗതിയില്‍ മഞ്ഞുകാലത്തിന്റെ തുടക്കം ആകുന്നതോടെയാണ് 'ദൗലത് കി ചാറ്റ്' വിപണികളില്‍ സജീവമാകുന്നത്. 

'ദ വൈറ്റ് ടൈഗര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രിയങ്കയിപ്പോള്‍. ദില്ലിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. രാജ്കുമാര്‍ റാവുവാണ് പ്രിയങ്കയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. രാജ്കുമാര്‍ റാവു എടുത്ത ചിത്രമാണ് പ്രിയങ്ക ഇന്‍സ്റ്റയിലൂടെ പങ്കുവച്ചിരിക്കുന്നതും.