സോഷ്യല്‍ മീഡിയയുടെ ഇഷ്ടതാരങ്ങളാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും. ഇരുവരുടേയും വിവാഹം മുതലുള്ള ആഘോഷങ്ങളും, യാത്രകളുമെല്ലാം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 

ഇപ്പോള്‍ തന്റെ മുപ്പത്തിയേഴാം പിറന്നാളാഘോഷത്തിന്റെ ആലസ്യത്തിലാണ് പ്രിയങ്ക. ഇക്കഴിഞ്ഞ 18നായിരുന്നു പിറന്നാള്‍. ഭര്‍ത്താവ് നിക്ക് സമ്മാനിച്ച 'സ്‌പെഷ്യല്‍ കേക്ക്' മുറിച്ചുകൊണ്ടായിരുന്നു അന്നത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. 

പിറന്നാള്‍ ദിന ചിത്രങ്ങള്‍ പുറത്തുവന്നത് മുതല്‍ തന്നെ കേക്കിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും ചൂട് പിടിച്ചിരുന്നു. ചുവപ്പില്‍ സ്വര്‍ണ്ണനിറത്തിലുള്ള ഡിസൈനുകളുമായി അഞ്ച് തട്ടുള്ളതായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ കേക്ക്. കേക്കിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.  

പ്രിയങ്കയുടെ ഇഷ്ടനിറമാണത്രേ ചുവപ്പ്. അതുപോലെ സ്വര്‍ണ്ണനിറവും പ്രിയങ്കയ്ക്ക് പ്രിയം തന്നെ. അപ്പോള്‍ ഈ രണ്ട് നിറങ്ങളും കലര്‍ന്ന കേക്ക് മതിയെന്ന് നിക്ക് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കേക്കിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്. അങ്ങനെ പ്രിയങ്കയുടെ ഇഷ്ടനിറങ്ങളില്‍ തന്നെ കേക്ക് ഒരുക്കി. 24 മണിക്കൂര്‍ വേണ്ടിവന്നുവത്രേ ഈ കേക്ക് ഒരുക്കാന്‍. 

ചോക്ലേറ്റ്, വനില തുടങ്ങി- സാധാരണ കേക്കുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ക്ക് പുറമേ, കഴിക്കാനാകുന്ന സ്വര്‍ണ്ണത്തരികളും കേക്കിനെ അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിനായി 24 കാരറ്റ് സ്വര്‍ണ്ണമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ആകെ കേക്കിന് ചിലവായത് മൂന്നര ലക്ഷം രൂപയാണെന്നാണ് വിവരം. ഇതല്‍പം കടന്നുപോയോ എന്ന് ആരാധകര്‍ പലരും സോഷ്യല്‍ മീഡിയ വഴി ചോദിക്കുന്നുണ്ടെങ്കിലും, നിക്കിന്റെ സ്‌നേഹത്തിന്റെ പ്രതീകമാണ് ഇത്രയും വില പിടിപ്പുള്ള കേക്കെന്ന് ന്യായീകരിക്കുന്നവരും കുറവല്ല.