ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ. തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് കൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. 

പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഉന്മേഷം കിട്ടാനും നല്ലതാണെന്നാണ് ഹർവേഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും കലോറി കരിച്ച് കളയാനും സഹായിക്കുന്നു. ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട 5 പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇവയൊക്കെ...

ഒന്ന്...

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

രണ്ട്...

പനീർ, യോർ​ഗാർട്ട് എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. പനീറിലും യോ​ഗാർട്ടിലും വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ‌‌‌‌‌‌പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. ആറ് ഔൺസ് യോ​ഗാർട്ടിൽ അഞ്ച് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. 

മൂന്ന്...

 ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്  സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.

നാല്...

 ചെറുപയർ, വൻപയർ, പരിപ്പു വർഗങ്ങൾ ഇവയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാമോളം പ്രോട്ടീൻ ഉണ്ട്. നാരുകൾ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.  

അഞ്ച്...

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങ്. ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് വേവിച്ച ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ ഫെെബർ ധാരാളം അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലി​ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.