പഴങ്ങളിലെ രാജകുമാരിയാണ് റംബൂട്ടാന്‍. പുറംതോടിനോടു ചേര്‍ന്നു നാരുകള്‍ കാണപ്പെടുന്ന  റംബൂട്ടാന്‍ രുചികരമായ പഴങ്ങളില്‍ ഒന്നാണ്. റംബൂട്ടാന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മലയാളികളില്‍ കുറച്ചുപേര്‍ക്ക് എങ്കിലും  ഒരു സെലിബ്രിറ്റി കുടുംബത്തെ ഓര്‍മ്മ വരും. അതേ, നടന്‍ കൃഷ്ണകുമാറിന്‍റെ കുടുംബം തന്നെ. ഇൻസ്റ്റാഗ്രാമില്‍ ധാരാളം ഫോളോവേഴ്സുള്ള താര കുടുംബം സ്ഥിരം തങ്ങളുടെ വീട്ടിലെ റംബൂട്ടാന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

 

കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന തന്‍റെ വീട്ടിലെ റംബൂട്ടാന്‍ മരത്തെ കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീട്ടില്‍ ഇത്രയധികം റംബൂട്ടാന്‍ മരങ്ങള്‍ ഉളളതിന്‍റെ  'ഫുള്‍ ക്രഡിറ്റും' അച്ഛനാണെന്നും അഹാന തന്‍റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

 

 

റംബൂട്ടാന്‍ ആദ്യമായി വീട്ടില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തെ കുറിച്ചും ചില റംബൂട്ടാന്‍ കഥകളും വീഡിയോയിലൂടെ അഹാന പങ്കുവച്ചു. ഒരു മാസം കൊണ്ട് പഴുത്ത റംബൂട്ടാന്‍ മരത്തിന്‍റെ ചുവട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങളും അഹാന ഇന്ന് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

 


അറിയാം റംബൂട്ടാന്‍റെ ആരോഗ്യ ഗുണങ്ങള്‍...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാന്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവയെ തടയാനും മറ്റ് ബാക്ടീരിയകളെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷിയെ സംരക്ഷിക്കാനും കഴിയും. 

ഇരുമ്പും കോപ്പറും അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  

 

കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവയ്ക്ക് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധികം സമയം വയറ് നിറഞ്ഞതായി തോന്നിക്കും. ഇത് നിങ്ങളുടെ വിശപ്പിനെ തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മസൗന്ദര്യം സംരക്ഷിക്കാനും നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. 

Also Read: പഴങ്ങളുടെ രാജാവ് ദുരിയന്‍ വീട്ടില്‍ കൃഷി ചെയ്യാം; ലാഭത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി...