വായുമലിനീകരണം മൂലം ക്രമേണ ശ്വാസകോശത്തിന്റെ ആരോഗ്യം ക്ഷയിച്ചവരില്‍ കൊവിഡ് ഗുരുതരമാകുമെന്നും ഇവരില്‍ മരണനിരക്ക് കൂടുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അത്രമാത്രം ഗൗരവമുള്ളൊരു പ്രശ്‌നമാണ് വായുമലിനീകരണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്നതായി നമ്മള്‍ തിരിച്ചറിയുന്നതേ ഇത്തരത്തില്‍ ഏതെങ്കിലും രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിലും മറ്റുമാകാം. 

വായുമലിനീകരണം ഇന്ന് മിക്ക നഗരങ്ങളും നേരിടുന്നൊരു സുപ്രധാന വിഷയമാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനോ, ജീവിത നിലവാരം ഉയര്‍ത്താനോ പലപ്പോഴും ശരാശരിക്കാര്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നത് മാത്രമാണ് നമുക്ക് മുമ്പിലുള്ള വഴി. 

മലിനീകരണമുള്ളയിടങ്ങളില്‍ ജീവിക്കുമ്പോള്‍ പാരിസ്ഥിതികമായി നമ്മള്‍ കൈക്കൊള്ളേണ്ട ചില മുന്നൊരുക്കങ്ങളുണ്ടാകാം. അതുപോലെ തന്നെ ആരോഗ്യപരമായും ചില വിഷയങ്ങള്‍ ശ്രദ്ധിക്കാം. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഘടകമാണ് ഡയറ്റ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണ്ണയിക്കുന്നത്. 

ഇവിടെയിതാ ശ്വാസകോശത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി കഴിക്കാവുന്നൊരു 'ഹെര്‍ബല്‍ ചായ'യെ ആണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ വീടുകളില്‍ പതിവായി കാണുന്ന ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍. സ്ഥിരമായി ദിവസത്തില്‍ ഒരു നേരം എന്ന രീതിയില്‍ തന്നെ ഈ ചായ കഴിച്ചാല്‍ മതി, ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. 

ചായ എങ്ങനെ തയ്യാറാക്കാം...

ആദ്യം ഇതിന് വേണ്ട ചേരുവകള്‍ ഏതെല്ലാമാണെന്ന് നോക്കാം. 

ഇഞ്ചി ഗ്രേറ്റ് ചെയ്തത്- ഒരിഞ്ച് നീളത്തിലുള്ളത്
കറുവപ്പട്ട - ചെറിയൊരു കഷ്ണം
തുളസിയില  - അര ടീസ്പൂണ്‍
പനിക്കൂര്‍ക്ക - ഒരു ടീസ്പൂണ്‍
കുരുമുളക് - 3 എണ്ണം
ഏലയ്ക്ക - രണ്ടെണ്ണം പൊടിച്ചത്
പെരുഞ്ചീരകം - കാല്‍ ടീസ്പൂണ്‍
അയമോദകം - ഒരു നുള്ള്

ചേരുവകളെല്ലാം ഒരുമിച്ച് ചേര്‍ത്ത ശേഷം വെള്ളം അടുപ്പത്ത് വച്ച് തിളപ്പിക്കാം. തിളച്ചുകഴിയുമ്പോള്‍ തേയില ചേര്‍ക്കാം. ചിലര്‍ തേയില ചേര്‍ക്കാതെയും ഉപയോഗിക്കാറുണ്ട്. ബാക്കി ചേരുവകളെല്ലാം അരിച്ചെടുത്ത ശേഷം തേനോ കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് ചൂടോടെ കഴിക്കാം. 

Also Read:- ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ പാൽ കുടിക്കാം; ഗുണങ്ങളിതാണ്...