പുതിയകാലത്ത് നമുക്കിടയില്‍ ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാക്കാണ് ഡയറ്റ്. ആരോഗ്യകാര്യങ്ങളില്‍ അത്രമാത്രം ശ്രദ്ധയുള്ള ഒരു ജനതയാണ് നമ്മളെന്നും അതിന്റെ ഭാഗമായാണ് ഈ ഡയറ്റ് സൂക്ഷിപ്പെന്നുമെല്ലാമാണ് നമ്മുടെ ധാരണ. അപ്പോള്‍ ഈ ആധുനിക വൈദ്യശാസ്ത്രവും ശരീരബോധവും ഒക്കെ ഉണരുന്നതിന് മുമ്പുള്ള മനുഷ്യര്‍ എങ്ങനെ ജീവിച്ചുകാണും?

പുതിയകാലത്ത് നമുക്കിടയില്‍ ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാക്കാണ് ഡയറ്റ്. ആരോഗ്യകാര്യങ്ങളില്‍ അത്രമാത്രം ശ്രദ്ധയുള്ള ഒരു ജനതയാണ് നമ്മളെന്നും അതിന്റെ ഭാഗമായാണ് ഈ ഡയറ്റ് സൂക്ഷിപ്പെന്നുമെല്ലാമാണ് നമ്മുടെ ധാരണ. അപ്പോള്‍ ഈ ആധുനിക വൈദ്യശാസ്ത്രവും ശരീരബോധവും ഒക്കെ ഉണരുന്നതിന് മുമ്പുള്ള മനുഷ്യര്‍ എങ്ങനെ ജീവിച്ചുകാണും?

ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനും മറ്റ് അവശ്യഘടകങ്ങളും കണ്ടെത്തിക്കഴിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നോ? ഇല്ലെങ്കില്‍ അവരെങ്ങനെ ആരോഗ്യവാന്മാരായി ജീവിച്ചു? 

ഇങ്ങനെയൊന്നും ഓര്‍ത്ത് കുഴങ്ങേണ്ടെന്നാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരുടെ കണ്ടെത്തല്‍ നമ്മോട് പറയുന്നത്. നമ്മളെക്കാള്‍ മിടുക്കന്മാരായിരുന്നു നമ്മുടെ 'കാരണവന്മാര്‍' എന്നാണ് ഇവര്‍ പറയുന്നത്. ഈ വാദത്തിന് കൃത്യമായ കാരണങ്ങളുമുണ്ട്. 

ടെല്‍ അവീവിലെ ഒരു പുരാതന ഗുഹയില്‍ നിന്ന് ഗവേഷകര്‍ക്ക് ചില തെളിവുകള്‍ ലഭിച്ചു. അതായത്, 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ ജീവിച്ചിരുന്നവര്‍ വ്യാപകമായി മൃഗങ്ങളുടെ മജ്ജ 'പ്രോസസ്' ചെയ്ത് സൂക്ഷിച്ചിരുന്നുപോലും. വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളുടെ ഇറച്ചിയും എല്ലും തോലുമെല്ലാം ആവശ്യത്തിന് ഉപയോഗിച്ച ശേഷം അതിന്റെ മജ്ജയുടെ ഒരു പങ്ക് ഗുഹകളില്‍ വൃത്തിയായി സൂക്ഷിച്ചുപോന്നു. എങ്ങനെയെല്ലാമാണ് അവരുടെ 'പ്രോസസിംഗ്' എന്ന കാര്യം വ്യക്തമല്ല. എങ്കിലും ഭക്ഷണമായി മജ്ജ മൃഗങ്ങളുടെ മജ്ജ സൂക്ഷിച്ചുവച്ചിരുന്നുവെന്നത് വ്യക്തം.

മഴക്കാലത്ത് വേട്ടയാടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ആരോഗ്യപൂര്‍വ്വം ജീവിക്കാന്‍ അവര്‍ കണ്ടെത്തിയ 'ഡയറ്റ്'. പല രാജ്യങ്ങളിലും മജ്ജ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഇപ്പോഴുള്ളത്. മറ്റൊന്നുമല്ല- അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഇതിന് കാരണം. 

രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും, പ്രമേഹത്തേയും ഹൃദ്രോഗങ്ങളേയും ചെറുക്കാനുമെല്ലാം മജ്ജ കഴിക്കുന്നത് സഹായിക്കുമെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈയിടെ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ബോണ്‍ലെസ് ആയ മാംസം മാത്രം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് വാദിക്കുന്ന ഡയറ്റീഷ്യന്മാരും ഏറെയാണ്. 

അപ്പോഴാണ് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ ഇത് വ്യാപകമായി ഭക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവ് ലഭിക്കുന്നത്. അതിജീവനത്തിന്റെ കാര്യത്തില്‍ ഒരുകാലത്തും മനുഷ്യര്‍ മോശക്കാരായിരുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.