സപ്ലെയറുടെ ഈ പെരുമാറ്റം കണ്ട് പ്രതികരിക്കാതെ ചിരിക്കുകയായിരുന്നു അതിഥികള്‍. ഓസ്ട്രേലിയയിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. 

റെസ്റ്റോറെന്‍റില്‍ എത്തിയ അതിഥികളെ അപമാനിക്കുന്ന ഒരു വനിതാ സപ്ലെയറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിഥികളെ നടുവിരൽ ഉയർത്തിക്കാണിച്ചാണ് സപ്ലെയര്‍ അപമാനിക്കുന്നത്. എന്നാൽ സപ്ലെയറുടെ ഈ പെരുമാറ്റം കണ്ട് പ്രതികരിക്കാതെ ചിരിക്കുകയായിരുന്നു അതിഥികള്‍. ഓസ്ട്രേലിയയിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. 

ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് സന്തോഷവും രസകരവും ഉല്ലാസപ്രദവുമായ അനുഭവം നൽകുന്നതിനായി റെസ്റ്റോറെന്‍റ് ചുമതലപ്പെടുത്തിയിരിക്കുന്ന സപ്ലെയർമാരാണിത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ എന്നിവിടങ്ങളിൽ എല്ലാം ശാഖകളുള്ള കാരൻസ് ഡൈനർ എന്ന ഭക്ഷണശാലയാണ് വ്യത്യസ്തമായ ഈ തീമിന് പിന്നില്‍. അതിഥികളെ രസിപ്പിക്കാനായി എന്തും കാണിക്കാനുള്ള നിര്‍ദ്ദേശമാണ് ഇവര്‍ക്ക് റെസ്റ്റോറെന്‍റ് നല്‍കിയിരിക്കുന്നത്. ഈ നിർദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് വീഡിയോയിൽ കാണുന്ന വനിതാ സപ്ലെയർ. 

ഓർഡർ ചെയ്ത വിഭവങ്ങൾ അതിഥികളോടു യാതൊരുവിധ ബഹുമാനവുമില്ലാതെ ആദ്യം തന്നെ മേശപ്പുറത്തേക്ക് എറിയുകയായിരുന്നു അവര്‍. പിന്നാലെ ഇരു കൈകളിലെയും നടുവിരൽ ഉയർത്തി അതിഥികൾക്ക് നേരെ കാണിച്ചു. ശേഷം വിഭവങ്ങളിൽ ഒന്നെടുത്ത് ഭക്ഷിച്ച് വീണ്ടും നടുവിരൽ ഉയർത്തി കാണിച്ച ശേഷം സപ്ലെയർ മടങ്ങി പോകുന്നതും വീഡിയോയില്‍ കാണാം. 

അപമര്യാദയോടെയുള്ള പെരുമാറ്റം ഭക്ഷണശാലയുടെ തീം ആണെങ്കിൽക്കൂടി തന്‍റെ ഭക്ഷണത്തില്‍ തൊട്ടത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന കുറിപ്പോടെയാണ് അതിഥികളിൽ ഒരാൾ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വളരെ വേഗം വൈറലാവുകായായിരുന്നു. ഇതുവരെ 9.6 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. തീം എന്തായാലും ഗ്ലൗസ് പോലും ധരിക്കാതെ വന്ന ഈ സപ്ലെയർ അതേ കൈ കൊണ്ട് മറ്റൊരാളുടെ ഭക്ഷണം കഴിച്ചത് ഒട്ടും ശരിയായ കാര്യമല്ല എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. 

Scroll to load tweet…

Also Read: പത്ത് തരം പാനിപൂരികള്‍ കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതി; വീഡിയോ