ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ ഇടം ഉറപ്പിച്ചയാളാണ് യുവനടി സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റേയും ബോളിവുഡ് മുന്‍കാല താരമായിരുന്ന അമൃത സിംഗിന്റേയും മകളാണ് ഇരുപത്തിനാലുകാരിയായ സാറ. 'കേദാര്‍നാഥ്', 'സിംമ്പ' എന്നീ രണ്ട് ചിത്രങ്ങളാണ് സാറയുടേതായി പുറത്തിറങ്ങിയത്. രണ്ട് ചിത്രങ്ങളിലും സാറ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇനി ഇംപ്തിയാസ് അലിയുടെ ഒരു ചിത്രവും 'കൂലി നമ്പര്‍ 1' ഉം ആണ് സാറയുടേ വരാനിരിക്കുന്ന പ്രോജക്ടുകള്‍. സിനിമകളുടെ തിരക്കുകളെല്ലാം അങ്ങനെ പോകുന്നുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയത്തെ അതിന് വേണ്ടിത്തന്നെ മാറ്റിവയ്ക്കുന്ന പ്രകൃതക്കാരിയാണ് സാറ.

അമ്മ അമൃത സിംഗും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമാണ് സാറയുടെ ലോകം. ഇടയ്ക്ക് അച്ഛന്‍ സെയ്ഫിനും അദ്ദേഹത്തിന്റെ ഭാര്യ കരീനയ്ക്കും ഒപ്പമെല്ലാം കൂടുന്ന ചിത്രങ്ങളും സാറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അര്‍ധസഹോദരനായ തൈമൂറുമായും സാറയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.

ഇപ്പോള്‍ മാല്‍ദീവ്‌സില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സാറ. അമ്മയും സഹോദരനും തന്നെയാണ് സാറയ്‌ക്കൊപ്പമുള്ളത്. പൊതുവേ സിനിമാതാരങ്ങളെല്ലാം ഡയറ്റിന്റെ കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുന്നവരാണെന്നാണ് നമ്മുടെ വയ്പ്. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും പ്രിയപ്പെട്ട വിഭവങ്ങള്‍ കഴിക്കാന്‍ അവരും സ്വയം സമയം അനുവദിക്കാറുണ്ട്.

 

 

സാറ അത്തരത്തിലുള്ള 'ചീറ്റ്' ദിവസങ്ങളിലാണോ എന്നാണ് ആരാധകര്‍ക്ക് ഇപ്പോഴുള്ള സംശയം. മാല്‍ദീവ്‌സില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഇഷ്ടം പോലെ ഭക്ഷണങ്ങള്‍ കാണാനുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം.

കഴിഞ്ഞ ദീവസം കപ്പ് കേക്ക് കയ്യില്‍പ്പിടിച്ച് 'ബ്രേക്ക്ഫാസ്റ്റ്' ആണെന്നും പറഞ്ഞ് സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇന്‍സ്റ്റ സ്റ്റോറി ഷെയര്‍ ചെയ്തപ്പോള്‍ അതില്‍ നിരന്നിരിക്കുന്ന ഒരുപാട് വിഭവങ്ങള്‍. പക്ഷേ, സൂക്ഷിച്ചുനോക്കിയാലല്ലേ അറിയുക- എല്ലാം നല്ല ഒന്നാന്തരം സാധനങ്ങള്‍. അതായത് ആരോഗ്യത്തിന് വലിയ കോട്ടമൊന്നും വരുത്താത്ത വിഭവങ്ങള്‍.

 

 

പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, തണ്ണിമത്തന്‍, പൈനാപ്പിള്‍, കിവി എന്നിങ്ങനെയുള്ള പഴങ്ങള്‍ മുറിച്ചത്. സ്‌പെഷ്യല്‍ ഓംലെറ്റ്, സോസേജ്, ചെറി ടൊമാറ്റോ, ഡാനിഷ് ബ്രഡ്, ചോക്ലേറ്റ് മഫിന്‍സ്, ഓറഞ്ച് ജ്യൂസ്, ഡിപ്‌സ് എന്നിവയൊക്കെയാണ് സാറ പങ്കുവച്ച ചിത്രത്തിലുള്ളത്. എന്തായാലും വിഭവങ്ങളെന്തെല്ലാം എന്ന് അറിഞ്ഞതോടെ സാറ അവധി തിന്നുതീര്‍ക്കുകയൊന്നുമല്ലെന്ന് ആരാധകര്‍ക്ക് വ്യക്തമായിട്ടുണ്ട്.

മുമ്പും ഡയറ്റിനിടയിലെ 'ചീറ്റ്' ദിവസങ്ങളില്‍ പുറത്തുപോയി ഇഷ്ടമുള്ള വിഭവങ്ങള്‍ കഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സാറ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. പൊതുവേ ഭക്ഷണപ്രേമിയാണ് സാറയെന്ന് ഇതോടെ ആരാധകര്‍ക്കിടയിലൊരു പരിവേഷവുമുണ്ട്.

 


എന്നാല്‍ കൈനിറയെ ചിത്രങ്ങള്‍ കിട്ടി ബോളിവുഡില്‍ കാലൂന്നി നില്‍ക്കാനുള്ള പുറപ്പാടില്‍ നില്‍ക്കുമ്പോള്‍ ശരീരവും സൗന്ദര്യവും ആരോഗ്യവുമെല്ലാം കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്ന ബോധവും സാറയ്ക്കുണ്ട്. അതുകൊണ്ട് കൃത്യമായ വ്യായാമവും താരം പിന്തുടരുന്നുണ്ട്. നമ്രത പുരോഹിതിനെപ്പോലെയുള്ള ബോളിവുഡിന്റെ പ്രിയ പരിശീലകര്‍ക്കൊപ്പമാണ് സാറയും ഫിറ്റ്‌നസ് പരിശീലനങ്ങളിലേര്‍പ്പെടുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാറ നേരത്തേ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.