Asianet News MalayalamAsianet News Malayalam

പൈനാപ്പിളിന്റെ ഏഴ് ആരോഗ്യഗുണങ്ങള്‍; ഓര്‍ക്കുക അധികം കഴിച്ചാലും അപകടം...

ദക്ഷിണ അമേരിക്കയാണ് പൈനാപ്പിളിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ആദ്യകാലങ്ങളില്‍ വളരെ വിലപിടിപ്പുള്ള, കിട്ടാന്‍ സാധ്യതകളില്ലാത്ത ഒരു പഴമായിട്ടായിരുന്നുവത്രേ പൈനാപ്പിളിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീടത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണയായി ലഭിക്കുന്ന പഴമായി മാറുകയായിരുന്നു

seven health benefits of pineapple
Author
Trivandrum, First Published Apr 19, 2021, 12:32 PM IST

നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ലഭ്യമായിട്ടുള്ളൊരു പഴമാണ് പൈനാപ്പിള്‍. ദക്ഷിണ അമേരിക്കയാണ് പൈനാപ്പിളിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ആദ്യകാലങ്ങളില്‍ വളരെ വിലപിടിപ്പുള്ള, കിട്ടാന്‍ സാധ്യതകളില്ലാത്ത ഒരു പഴമായിട്ടായിരുന്നുവത്രേ പൈനാപ്പിളിനെ കണക്കാക്കിയിരുന്നത്. എന്നാല്‍ പിന്നീടത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണയായി ലഭിക്കുന്ന പഴമായി മാറുകയായിരുന്നു. 

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് പൈനാപ്പിള്‍. അതുപോലെ തന്നെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് തിരിച്ചടിയാകാനും ഇത് മതി. എന്തായാലും പൈനാപ്പിളിന്റെ പ്രധാനപ്പെട്ട ചില ആരോഗ്യഗുണങ്ങളെ കുറിച്ച് തന്നെ ആദ്യം മനസിലാക്കാം. 

ഒന്ന്...

പരമ്പരാഗതമായി തന്നെ പൈനാപ്പിളിന്റെ അംഗീകരിക്കപ്പെട്ട ആരോഗ്യഗുണമാണ് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അതിന്റെ കഴിവ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന 'ബ്രോംലൈന്‍' എന്ന എന്‍സൈം ആണ് ഇതിന് സഹായിക്കുന്നത്. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലായവര്‍ക്കും ദഹനം മെച്ചപ്പെടുത്താന്‍ പൈനാപ്പിള്‍ കഴിക്കാവുന്നതാണ്. ഇതിന് പുറമെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ജലാംശം, ഫൈബര്‍ എന്നിവ ഉദരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

രണ്ട്...

പൈനാപ്പിള്‍ പല വിധത്തിലുള്ള അര്‍ബുദങ്ങളെ അകറ്റിനിര്‍ത്തുമെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്. സ്തനാര്‍ബുദം, തൊലിയെ ബാധിക്കുന്ന അര്‍ബുദം, പിത്തനാളി- മലാശയം- അതിന്റെ ചുറ്റുപാടുള്ള ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം തുടങ്ങിയ അര്‍ബുദങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ പൈനാപ്പിളിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. 

മൂന്ന്...

രോഗ പ്രതിരോധശക്തിയുടെ പ്രാധാന്യമെന്താണെന്ന് ഇപ്പോള്‍ കൊവിഡ് കാലം കൂടി വന്നതോടെ നാമെല്ലാവരും മനസിലാക്കിയതാണ്. പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പൈനാപ്പിള്‍ ഉത്തമമാണ്.

 

seven health benefits of pineapple

 

ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ പല വിധത്തിലുള്ള വൈറല്‍- ബാക്ടീരിയില്‍ അണുബാധകളെ ചെറുക്കാന്‍ പൈനാപ്പിളിന് എളുപ്പമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

നാല്...

സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപ്പിള്‍ ഉപയോഗിക്കാമെന്നാണ് മറ്റൊരു വാദം. സന്ധികളിലെ അസഹനീയമായ വേദന കുറയ്ക്കാന്‍ പൈനാപ്പിളിന് കഴിയുമത്രേ. നേരത്തേ സൂചിപ്പിച്ച 'ബ്രോംലൈന്‍' എന്ന എന്‍സൈം തന്നെയാണ് ഇവിടെയും ഉപകാരിയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ വിശദമായ പഠനങ്ങള്‍ വരേണ്ടതുണ്ട് എന്നാണ് പല ഗവേഷകരുടെയും അഭിപ്രായം. 

അഞ്ച്...

കഠിനമായ വര്‍ക്കൗട്ടിന് ശേഷം നീര്‍വീഴ്ച, വേദന എന്നിവയെല്ലാം അനുഭവപ്പെട്ടേക്കാം, അല്ലേ? അതുപോലെ എന്തെങ്കിലും ശസ്ത്രക്രിയ നടന്നാല്‍ അതിന് ശേഷം മുറിവുണങ്ങും വരെ വലിയ ബുദ്ധിമുട്ട് തന്നെയാണ്, അല്ലേ? ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പൈനാപ്പിള്‍ ഏറെ സഹായകരമാണ്. വീക്കം, വേദന എന്നിവയെല്ലാം ചെറുക്കാന്‍ പൈനാപ്പിളിന് സാധ്യമാണത്രേ. 

ആറ്...

എല്ലുകളെ മെച്ചപ്പെടുത്തുന്നതിനും പൈനാപ്പിള്‍ പ്രയോജനപ്രദമാണ്. കാരണം എല്ലുകള്‍ക്ക് അവശ്യം വേണ്ട കാത്സ്യം, മാംഗനീസ് എന്നിവയുടെ നല്ലൊരു സ്രോതസാണ് പൈനാപ്പിള്‍. അതകൊണ്ട് തന്നെ പ്രായമായവരില്‍ കാണുന്ന എല്ല് തേയ്മാനം (Osteoporosis) തടയാനും പൈനാപ്പിളിന് ഭാഗികമായി സാധ്യമാണ്. എന്നാല്‍ ഈ ഉദ്ദേശത്തോടുകൂടി പൈനാപ്പിള്‍ അധികം കഴിക്കരുത്, അത് എല്ലുകളെ മോശമായ രീതിയില്‍ ബാധിക്കും. 

ഏഴ്...

പൈനാപ്പിള്‍ കഴിക്കുന്നതും തൊലിപ്പുറത്ത് അപ്ലൈ ചെയ്യുന്നതും എല്ലാം ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പൈനാപ്പിളിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, ബീറ്റ കെരാട്ടിന്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ഭംഗിയെയും മെച്ചപ്പെടുത്തുന്നു.

 

seven health benefits of pineapple

 

അതുപോലെ തന്നെ സൂര്യപ്രകാശത്തില്‍ നിന്നും മലിനീകരണത്തില്‍ നിന്നും ചര്‍മ്മത്തിനേറ്റ പ്രശ്‌നങ്ങളെ പരിഹരിക്കാനും പൈനാപ്പിളിന് കഴിയും. 

അധികമായാല്‍ പൈനാപ്പിളും പ്രശ്‌നം...

ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ പൈനാപ്പിള്‍ ഒരിക്കലും അമിതമായി കഴിക്കരുത്. സാരമായ പ്രശ്‌നങ്ങളാണ് ഇതുണ്ടാക്കുക. ദിവസത്തില്‍ ഒരു കപ്പ് പൈനാപ്പിള്‍ ആണ് പരമാവധി കഴിക്കാവുന്നത്. കൂടുതല്‍ കഴിച്ചാല്‍ ചുണ്ടും നാക്കും വായയും അടക്കമുള്ള ഭാഗങ്ങളില്‍ അസ്വസ്ഥത തോന്നാം, പക്ഷേ ഇതത്ര വലിയ അപകടകരമായ പ്രശ്‌നമല്ല. അതേസമയം തൊലിപ്പുറത്ത് ചുവപ്പ്, ശ്വാസതടസം എന്നിവയെല്ലാം നേരിട്ടാല്‍ അത് അല്‍പം ഗൗരവമുള്ളതാണെന്ന് മനസിലാക്കി ഉടനെ തന്നെ വൈദ്യസഹായം തേടുക. 

ചില മരുന്നുകളെടുക്കുന്നവരും പൈനാപ്പിള്‍ കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. ആന്റിബയോട്ടിക്‌സ്, ആന്റികൊയാഗുലന്റ്‌സ്, ബ്ലഡ് തിന്നേഴ്‌സ്, ഉറക്കമില്ലായ്മയ്ക്കും വിഷാദത്തിനുമുള്ള ചില മരുന്നുകള്‍ എന്നിവയെല്ലാം കഴിക്കുന്നവര്‍ ഇക്കാര്യം ഡോക്ടറുമായി സംസാരിച്ച് മനസിലാക്കുക. 

പാകമാകാത്ത പൈനാപ്പിള്‍ അങ്ങനെയോ ജ്യൂസടിച്ചോ ഒന്നും കഴിക്കരുത്. വളരെയധികം ഗൗരവതരമായ രീതിയില്‍ വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയ്‌ക്കെല്ലാം ഇത് ഇടയാക്കും. 

Also Read:- ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ​ഗുണങ്ങൾ ഇതൊക്കെ...

Follow Us:
Download App:
  • android
  • ios