ആരോഗ്യമുള്ള ശരീരത്തിനായി 'ഡയറ്റിംഗ്' ചെയ്യുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ച് വരികയാണ്. എങ്കിലും ഇപ്പോഴും ഡയറ്റിംഗിനെ കുറിച്ച് ചില അബദ്ധധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. 'ഡയറ്റിംഗ്' അല്‍പം പണച്ചിലവുള്ള ഒന്നാണെന്നും സാധാരണക്കാരെ സംബന്ധിച്ച് ഇത് നടപ്പില്ലെന്നുമെല്ലാം കരുതുന്നര്‍ നിരവധിയാണ്. 

എന്നാലിത് വെറും തെറ്റായ ധാരണയാണ്. അല്‍പം ചിന്തയോടെ 'പ്ലാന്‍' ചെയ്താല്‍ പോക്കറ്റും തടിയും ഒരുപോലെ നന്നാക്കാന്‍ നമുക്കാകാം. അതെങ്ങനെയെന്നല്ലേ?

ശരീരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏഴ് തരം ഭക്ഷണത്തെ പറ്റിയാണ് ഇനി, പറയുന്നത്. 'ഡയറ്റിംഗ്' എന്നാല്‍ ആരോഗ്യത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷണം എന്നേ അര്‍ത്ഥമുള്ളൂ, വിലകൂടിയ ഭക്ഷണസാധനങ്ങളെന്ന് അര്‍ത്ഥമില്ല. അപ്പോള്‍ സാധാരണക്കാര്‍ക്കും വീട്ടില്‍ പരീക്ഷിക്കാവുന്ന ഡയറ്റില്‍ ഉള്‍പ്പെടുത്താനാകുന്ന ആ ഏഴ് ഭക്ഷണങ്ങള്‍...

ഒന്ന്...

പരിപ്പാണ് ഇതില്‍ ഒന്നാമത്തെ സാധനം. ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പരിപ്പ് കറി. വളരെയധികം പോഷകങ്ങള്‍ അടങ്ങിയതും എന്നാല്‍ കൊഴുപ്പ് വളരെ കുറഞ്ഞതുമായ ഒന്നാണ് പരിപ്പ്. സാധാരണക്കാര്‍ക്ക് വാങ്ങാനും ഉപയോഗിക്കാനുമെല്ലാം എളുപ്പത്തിലുള്ളതുമാണ്. 


പ്രോട്ടീന്‍, അയേണ്‍, കാത്സ്യം, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയെല്ലാമാണ് പരിപ്പിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍. പേശീവളര്‍ച്ചയ്ക്കും, എല്ലുകളുടെ ബലത്തിനും, മുടിയുടെ ആരോഗ്യത്തിനും എല്ലാം ഇവ സഹായകമാണ്. 

രണ്ട്...

ഇനി സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു 'സ്‌നാക്'നെ പറ്റിയാണ്. പലപ്പോഴും ഭക്ഷണങ്ങള്‍ക്കിടയിലുള്ള സമയത്ത് കയ്യില്‍ക്കിട്ടിയതെന്തും കഴിക്കുന്നത് കൊണ്ടാണ് നമ്മുടെ ശരീരത്തിന് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത്. ഇത്തരം ദോഷകരമായ സാധ്യതകളെ ഒഴിവാക്കാനുള്ള വഴി കൂടിയാണ് പറയുന്നത്. ഇതിനായി പോപ്‌കോണ്‍ കഴിക്കുന്നത് ശീലമാക്കാം. അതെ, ഡയറ്റ് പിന്തുടരുന്ന പലരും 'സ്‌നാക്ക്' ആയി കഴിക്കുന്നത് പോപ്‌കോണ്‍ ആണ്. ശരീരത്തിന് അപകടമുണ്ടാക്കില്ലെന്ന് മാത്രമല്ല, നിരവധി ഗുണങ്ങളാണ് ഇതുണ്ടാക്കുന്നതും. പച്ചക്കറികളിലോ പഴങ്ങളിലോ കാണുന്നതിലും അധികമായി 'പോളിഫിനോലുകള്‍' പോപ്‌കോണില്‍ കാണുന്നു. ഇതിന് പുറമെ ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും ധാരാളമായി ഇതില്‍ കാണുന്നു. 

മൂന്ന്...

മൂന്നാമതായി ഈ പട്ടികയിലുള്‍പ്പെടുത്തുന്നത് നേന്ത്രപ്പഴത്തെയാണ്. നമുക്കറിയാം, ഒരുനേരത്തെ മുഴുവന്‍ ഭക്ഷണമായിപ്പോലും കണക്കാക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം. ക്ഷീണമകറ്റാനും ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കാനുമെല്ലാം സഹായിക്കുന്നതാണ് ഇത്. 

കൂടാതെ പൊട്ടാസ്യം, ഫൈബര്‍, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, അയേണ്‍, ഫോളേറ്റ്, നിയാസിന്‍, റൈബോഫ്‌ളേവിന്‍ തുടങ്ങി ആരോഗ്യത്തെ പലവിധത്തില്‍ ഗുണകരമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണ് നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്നത്. 

നാല്...

ഡയറ്റിനെപ്പറ്റി എപ്പോള്‍ സൂചിപ്പിക്കുമ്പോഴും പറഞ്ഞുപോകാറുള്ള ഒന്നാണ് ഓട്ട്‌സ്. തീര്‍ച്ചയായും ഇതും സാധാരണക്കാര്‍ക്ക് തങ്ങളുടെ കുറഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി വാങ്ങാവുന്നതും ഉപയോഗിക്കാവുന്നതുമേയുള്ളൂ. ബ്രേക്ക്ഫാസ്റ്റായി ഓട്ട്‌സ് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്‍പം കഴിച്ചാല്‍ പോലും, വയറ് നിറഞ്ഞതായി തോന്നിക്കാന്‍ കഴിവുള്ള ഭക്ഷണമാണ് ഓട്ട്‌സ്. ഹൃദയാരോഗ്യത്തിന് 'ബെസ്റ്റ്'. ഇതിന് പുറമെ ഫൈബറിനാല്‍ സമ്പന്നമായത് കൊണ്ടുതന്നെ, ദഹനവ്യവസ്ഥയ്ക്കും സഹായകം. 

അഞ്ച്...

അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് 'വീറ്റ് പാസ്ത'. ഇതും നിലവില്‍ വിപണികളില്‍ സുലഭമായിട്ടുണ്ട്. 'റെഗുലര്‍ പാസ്ത'യില്‍ കാണുന്നയത്രയും കലോറി ഇതിലും അടങ്ങിയിട്ടുണ്ടെങ്കിലും, ഇതില്‍ അല്‍പം കൂടി പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയുടെയെല്ലാം അളവ് നല്ല പോലെയുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. 


ഇഷ്ടപ്പെട്ട പച്ചക്കറികളോ, അല്‍പം ഇറച്ചിയോ ഒക്കെ ചേര്‍ത്ത് 'വീറ്റ് പാസ്ത' തയ്യാറാക്കാവുന്നതേയുള്ളൂ. എങ്കിലും അമിതമായ അളവില്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

ആറ്...

കട്ടത്തൈരാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു ഭക്ഷണം. ഇതും വിപണിയില്‍ എല്ലായിടങ്ങളിലും ലഭ്യമായ ഒന്നാണ്. കാത്സ്യം, പ്രോട്ടീന്‍ എന്നിവയുടെ അളവ് കൂടുതലായി ഉള്ളതിനാല്‍ത്തന്നെ ആരോഗ്യത്തെ പരിപാലിക്കാന്‍ ഇതിനുള്ള കഴിവ് പറയേണ്ടതില്ലല്ലോ. വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവരാണെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും സഹായകമാകുന്ന ഒന്ന് കൂടിയാണ്. നല്ല ദഹനത്തിനും ഉത്തമം. 

ഏഴ്...

അവസാനമായി പറയുന്നുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല, മുട്ടയാണ് ഈ പ്രധാനി. മിക്കവാറും എല്ലാ വീടുകളിലും മറ്റൊന്നും വാങ്ങിയില്ലെങ്കിലും, സ്ഥിരമായി വാങ്ങിക്കുന്ന ഒന്നാണ് മുട്ട. 

പ്രോട്ടീന്‍, അയേണ്‍- സിങ്ക് പോലുള്ള ധാതുക്കള്‍, എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമായ മുട്ട, ശരീരത്തെ ഊര്‍ജസ്വലമായി ഇരിക്കാനും, ഹൃദയത്തെ കാത്തുസൂക്ഷിക്കാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം സഹായകമാണ്. എളുപ്പത്തില്‍ തയ്യാറാക്കിക്കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. 

അപ്പോള്‍ ഇനി 'ഡയറ്റിംഗ്' പണക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, 'പാവങ്ങള്‍'ക്ക് ഇതൊന്നും ചെയ്യാനാകില്ല എന്ന വാദം ഉയര്‍ത്തരുതേ. കരുതിയും ചിന്തിച്ചും, മുന്നോട്ടുപോവുകയാണെങ്കില്‍ പോക്കറ്റും തടിയും ഭദ്രമാക്കിവയ്ക്കാവുന്നതേയുള്ളൂ.