ഈ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് മിക്ക സെലിബ്രിറ്റികളും പാചക പരീക്ഷണങ്ങൾ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ എല്ലാവരും കണ്ടിരുന്നതാണ്. ബോളിവുഡിന്റെ കിങ്ഖാൻ ഷാരൂഖ് ഖാനും പാചകത്തിൽ പരീ​ക്ഷണങ്ങൾ നടത്തുന്നതിന്റെ ചില ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.  

ഇപ്പോഴിതാ ഷാരൂഖ് തന്റെ പ്രിയ്യപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ട്വിറ്ററിൽ ആസ്ക്എസ്ആർകെ എന്ന സെഷനിലൂടെയാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.  ഷാരൂഖ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്നും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ജീവിതകാലം മുഴുവൻ മൂന്ന് ഭക്ഷണം മാത്രം കഴിക്കാൻ പറഞ്ഞാൽ അവ ഏതായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷാരൂഖ്. ചോറും പരിപ്പുകറിയും ഉള്ളിയും കഴിച്ച് ജീവിതകാലം മുഴുവൻ കഴിയാമെന്നാണ് താരത്തിന്റെ മറുപടി. പാചകം പഠിച്ചോ എന്ന മറ്റൊരു ആരാധകന്റെ ചോദ്യത്തിനും ഷാരൂഖ് മറുപടി നൽകി. സത്യസന്ധമായി പറഞ്ഞാൽ ഉപ്പ് എത്ര ഇടണം എന്നത് ഇപ്പോഴും കുഴയ്ക്കുന്ന കാര്യമാണെന്ന് ഷാരൂഖ്  പറയുന്നു.