മിക്ക താരങ്ങളുടെയും ജീവിതം ആര്‍ബാഢപൂര്‍ണ്ണമാണ്. അവരുടെ വീട്, സൗകര്യങ്ങള്‍, ഭക്ഷണം, വസ്ത്രം, വാഹനങ്ങള്‍ എന്നുവേണ്ട സകലതിനും ഒരു പരിധിയിലധികം നിലവാരം നിര്‍ബന്ധമായും കാണും. എന്നാല്‍ താരമായി മാറുന്നതിന് മുമ്പ് നമ്മളിന്ന് ആരാധിക്കുന്നവരില്‍ പലരും സാധാരണജീവിതം നയിച്ചിരുന്നവര്‍ തന്നെയാണ്. 

അത്തരമൊരു അനുഭവമാണ് അടുത്തിടെ ഒരു ഡാന്‍സ് ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ഷാരൂഖ് ഖാന്‍ പങ്കുവച്ചത്. 

ഷോയില്‍ ഒരുക്കിയ താജ്മഹലിന്റെ സെറ്റ് കണ്ടതോടെയാണ് കിംഗ് ഖാന്‍ പഴയ ഓര്‍മ്മകളിലേക്ക് മടങ്ങിയത്. തനിക്ക്  ലഭിച്ച ആദ്യസാലറി കൊണ്ട് നടത്തിയ യാത്രയേയും കഴിച്ച വിഭവത്തേയും കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്ന് കിട്ടിയ അമ്പത് രൂപ കൊണ്ട് അദ്ദേഹം നേരെ പോയത് ആഗ്രയിലേക്കായിരുന്നുവത്രേ. താജ്മഹല്‍ കാണുകയെന്നതായിരുന്നു ലക്ഷ്യം. കയ്യിലുള്ള പണത്തിന്റെ മുക്കാല്‍ പങ്കും യാത്രയ്ക്ക് വേണ്ടി ചിലവിട്ടു. ബാക്കിയുണ്ടായിരുന്ന പണം കൊണ്ട് ആഗ്രയിലെ 'സ്‌പെഷ്യല്‍ പിങ്ക് ലസ്സി' കുടിക്കാനായിരുന്നു തീരുമാനം. 

 

 

താജ്മഹലിന്റെ പരിസരഭാഗങ്ങളില്‍ വ്യാപകമായി ലഭിക്കുന്ന ഒന്നാണ് 'പിങ്ക് ലസ്സി'. പഞ്ചാബി ലസ്സിയുടെ മറ്റൊരു മാതൃകയാണ് 'പിങ്ക് ലസ്സി'ക്കുമുള്ളത്. സ്‌ട്രോബെറി ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ട് പിങ്ക് നിറം വരും. ഇതാണ് പേരിന് പിന്നിലെ രഹസ്യം. ചിലയിടങ്ങളില്‍ സ്‌ട്രോബെറിക്ക് പുറമെ 'സ്വീറ്റ് റോസ് ഷെര്‍ബത്' അല്ലെങ്കില്‍ ബീറ്റ്‌റൂട്ട് എന്നിവയും ഇതില്‍ ചേര്‍ക്കാറുണ്ടത്രേ. 

എന്തായാലും 'പിങ്ക് ലസ്സി' കുടിക്കാന്‍ പോയ താരത്തിന് അന്ന് എട്ടിന്റെ പണിയാണ് അന്ന് കിട്ടിയത്. അദ്ദേഹം വാങ്ങിയ ലസ്സിയില്‍ ഒരു ഈച്ച വീണുപോയി. ആദ്യ സാലറി കൊടുത്ത് ഏറെ ആഗ്രഹത്തോടെ വാങ്ങിയ ലസ്സിയല്ലേ, ഈച്ചയെ എടുത്ത് കളഞ്ഞ് അത് കുടിച്ചുവത്രേ. എന്നാല്‍ തിരിച്ചുള്ള യാത്രയിലുടനീളം ഛര്‍ദ്ദിച്ച് വശം കെടുകയും ചെയ്തു. 

ഷോയിലുണ്ടായിരുന്നവര്‍ക്ക് എല്ലാവര്‍ക്കും ഏറെ അതിശയമായിരുന്നു കിംഗ് ഖാന്റെ ഈ വെളിപ്പെടുത്തല്‍. ഇന്ന് സിനിമാലോകമാകെ ആരാധിക്കുകയും വാഴ്ത്തുകയും ചെയ്യുന്നൊരു താരത്തിന് ഇങ്ങനെയൊരു അനുഭവമുണ്ടായിരിക്കുമെന്ന് അല്ലെങ്കിലും നമ്മള്‍ കരുതുമോ?