Asianet News MalayalamAsianet News Malayalam

അല്‍പം പാല്‍ വറുത്താലോ!; വ്യത്യസ്തമായ 'ഫ്രൈഡ് മില്‍ക്ക്' റെസിപ്പി...

അതെങ്ങനെയാണ് ദ്രാവകരൂപത്തിലുള്ള പാല്‍ 'ഫ്രൈ' ചെയ്യുക എന്നതായിരിക്കും ഈ പേര് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മിക്കവരുടെ മനസിലും ഉയരുന്ന ചോദ്യം. എങ്കില്‍ കേട്ടോളൂ, പാല്‍ അങ്ങനെ തന്നെ 'ഫ്രൈ' ചെയ്യുകയല്ല, മറിച്ച് ചില പൊടിക്കൈകളൊക്കെ ചെയ്ത് വേണം ഇത് തയ്യാറാക്കാന്‍

simple recipe of fried milk dessert
Author
Trivandrum, First Published Sep 26, 2020, 7:20 PM IST

പാല്‍ ഉപയോഗിച്ച് രുചികരമായ പല വിഭവങ്ങളും നമ്മള്‍ തയ്യാറാക്കാറുണ്ട്. പായസം, കേക്ക്, പുഡിംഗ്, ഷേക്ക് എന്നിങ്ങനെ പാലുകൊണ്ട് തയ്യാറാക്കുന്ന ഏത് വിഭവങ്ങളും നമുക്ക് ഏറെ പ്രിയമുള്ളത് തന്നെ. എന്നാല്‍ 'ഫ്രൈഡ് മില്‍ക്ക്' എന്ന് പേരുള്ളൊരു വിഭവത്തെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? 

അതെങ്ങനെയാണ് ദ്രാവകരൂപത്തിലുള്ള പാല്‍ 'ഫ്രൈ' ചെയ്യുക എന്നതായിരിക്കും ഈ പേര് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മിക്കവരുടെ മനസിലും ഉയരുന്ന ചോദ്യം. എങ്കില്‍ കേട്ടോളൂ, പാല്‍ അങ്ങനെ തന്നെ 'ഫ്രൈ' ചെയ്യുകയല്ല, മറിച്ച് ചില പൊടിക്കൈകളൊക്കെ ചെയ്ത് വേണം ഇത് തയ്യാറാക്കാന്‍. 

ഒരു സ്പാനിഷ് ഡിഷ് ആണിതെന്നാണ് പാചക വിദഗ്ധയായ അല്‍പ മോദി പറയുന്നത്. അല്‍പ തന്റെ യൂട്യൂബ് ചാനലിലൂടെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്നും കാണിക്കുന്നുണ്ട്. സംഗതി 'ഫ്രൈ' ആണെങ്കിലും ഒരു 'ഡെസേര്‍ട്ട്' ആയാണ് ഇത് കണക്കാക്കുന്നത്. 

പാല്‍, അല്‍പം കറുവാപ്പട്ട, ചെറുനാരങ്ങയുടെ തൊലി, പഞ്ചസാര, കോണ്‍ഫ്ളോര്‍, മൈദ, ബ്രഡ് ക്രംസ്, കുക്കിംഗ് ഓയില്‍- ഇത്രയും ചേരുവകളാണ് ഇതിന് ആകെ ആവശ്യമായിട്ടുള്ളത്. 

ആദ്യം 500 എംഎല്‍ പാല്‍ തിളപ്പിക്കാന്‍ വയ്ക്കുക, ഇതിലേക്ക് രണ്ടര- മൂന്ന് ഇഞ്ച് വലിപ്പത്തില്‍ വീതിയില്ലാതെ ചെത്തിയെടുത്ത ചെറുനാരങ്ങയുടെ തൊലിയും രണ്ടിഞ്ച് വലിപ്പത്തില്‍ കറുവാപ്പട്ടയും പഞ്ചസാരയും ചേര്‍ക്കുക. എന്നിട്ട് ഇത് തിളക്കാനായി അനുവദിക്കുക. ഈ നേരം കൊണ്ട് 250 എംഎല്‍ പാലില്‍ അരക്കപ്പ് കോണ്‍ഫ്ളോര്‍ അല്‍പാല്‍പമായി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. 

നേരത്തേ അടുപ്പത്ത് വച്ച പാല്‍ തിളച്ചുകഴിഞ്ഞാല്‍ അതില്‍ നിന്ന് ചെറുനാരങ്ങാത്തൊലിയും പട്ടയും നീക്കിയ ശേഷം പാല്‍- കോണ്‍ഫ്ളോര്‍ മിശ്രിതം ചേര്‍ക്കുക. ഇനി മീഡിയം തീയില്‍ ഇത് നന്നായി കുറുകി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം 'തിക്ക്' ആയി വരുമ്പോള്‍ തീ കെടുത്താം. 

ഇത് ചൂടാറിയ ശേഷം ചതുരാകൃതിയിലുള്ള ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വച്ച് അതിന് മുകളിലേക്ക് ഒഴിക്കാം. ഇനിയിത് മൂന്ന് മണിക്കൂറോളം ഫ്രഡിജില്‍ വയ്ക്കുക. ഫ്രീസറില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. 

അനുവദിച്ച സമയം കഴിഞ്ഞ് ഇത് പുറത്തെടുത്ത് മുറിച്ച് ക്യൂബുകളാക്കാം. ഇനി മൈദയും പൊടിച്ച പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തയ്യാറാക്കിയ മാവിലും, ശേഷം ബ്രഡ് ക്രംസിലും മുക്കിയ ശേഷം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ എണ്ണയില്‍ വറുത്തെടുക്കാം. സ്വാദിഷ്ടമായ 'ഫ്രൈഡ് മില്‍ക്ക്' റെഡി. 

വീഡിയോ കാണാം...

 

 

Also Read:- മാഗിയും മുട്ടയും കൊണ്ട് 'സിമ്പിള്‍ ടേസ്റ്റി' വിഭവം; വീഡിയോ...

Follow Us:
Download App:
  • android
  • ios