വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ആദ്യം തന്നെ ഡയറ്റിന്റെ കാര്യത്തിലാണ് ഒരു കരുതലെടുക്കുക. അത് വളരെ കൃത്യമായ തീരുമാനവുമാണ്. ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വര്‍ക്കൗട്ടിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയാതെയാകും. 

ഡയറ്റില്‍ തന്നെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാധാരണഗതിയില്‍ വീട്ടിലുണ്ടാക്കാവുന്ന ചില വിഭവങ്ങള്‍ ഉള്‍പ്പെടെ ലളിതമായ ഭക്ഷണശൈലിയാണ് രാവിലെ നല്ലത്. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ആറ് തരം 'ബ്രേക്ക്ഫാസ്റ്റു'കളെ കുറിച്ചാണ് ഇനി പറയുന്നത്.    

ഒന്ന്...

മിക്കവാറും എല്ലാ വീടുകളിലും തയ്യാറാക്കുന്ന ഒരു സ്ഥിരം പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. ആവിയില്‍ വേവിക്കുന്നത് കൊണ്ടും, എണ്ണ ഒട്ടും ചേര്‍ക്കാത്തതിനാലും ഇതൊരു ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റാണെന്ന് പറയാം. കാര്‍ബോഹൈഡ്രേറ്റും താരതമ്യേന ഇതില്‍ കുറവാണ്. അതിനാല്‍ കുറവ് കലോറിയേ ശരീരത്തിലെത്തൂ. എങ്കിലും കഴിക്കുന്ന അളവില്‍ നിയന്ത്രണമില്ലെങ്കില്‍ ഇഡ്ഡലിയും വില്ലനാകുമെന്ന കാര്യം മറക്കരുത്. 

രണ്ട്...

ഒരു ബൗള്‍ നിറയെ ഓട്ട്‌സ് കഴിക്കാം. ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് അനുയോജ്യമായ ബ്രേക്ക്ഫാസ്റ്റാണ്. 


കലോറി കുറവും എന്നാല്‍ പോഷകങ്ങളാല്‍ സമ്പന്നവുമാണ് ഓട്ടസ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കുന്നു. സ്വാഭാവികമായും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ താളം നഷ്ടപ്പെടാതെ തുടരാനും ശരീരഭാരം നിയന്ത്രണത്തിലാക്കാനും ഓട്ട്‌സ് സഹായിക്കുന്നു. 

മൂന്ന്...

നമുക്കറിയാം, പച്ചക്കറികള്‍ എത്ര കഴിച്ചാലും അത് ശരീത്തിന് അത്രയും ഗുണം നല്‍കും. അപ്പോള്‍ ബ്രേക്ക്ഫാസ്റ്റായി അല്‍പം പച്ചക്കറി കഴിക്കുന്നത് കൊണ്ടും ഗുണമല്ലേ ഉണ്ടാകൂ. ഏത് തരം പച്ചക്കറിയും ഇതിനായി തെരഞ്ഞെടുക്കാം. നമുക്ക് അവശ്യം വേണ്ട പല ഘടകങ്ങളും കിട്ടുമെന്ന് മാത്രമല്ല, വണ്ണം കൂടുമെന്ന ആശങ്ക വേണ്ടതാനും. 

നാല്...

മിക്ക വീടുകളിലും രാവിലെ കഴിക്കാനുള്ള ഭക്ഷണത്തിന്റെ കൂട്ടത്തില്‍ കാണുന്ന ഒന്നാണ് മുട്ട. മുട്ടയും മികച്ച പ്രഭാതഭക്ഷണമാണെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. ധാരാളം പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍- എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് മുട്ട. ദിവസം മുഴുവന്‍ ഊര്‍ജത്തോടെ നില്‍ക്കാനും ഇത് സഹായിക്കും. 

അഞ്ച്...

രാവിലെ ഭക്ഷണമായി, ഒരു ബൗള്‍ നിറയെ കട്ടിത്തൈര് കഴിക്കുന്നതും വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതും പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ സമ്പന്നമാണ്. എന്തായാലും തൈര് കലോറിയുള്ള ഭക്ഷണമാണ്. എങ്കിലും, കഴിക്കാവുന്നത് തന്നെയാണെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. ഇതിന്റെ കൂടെ എന്തെങ്കിലും ഫ്രൂട്ട്‌സ് ആവശ്യമെങ്കില്‍ കഴിക്കാവുന്നതാണ്. 

ആറ്...

നട്ട്‌സാണ് വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് യോജിച്ച മറ്റൊരു ബ്രേക്ക്ഫാസ്റ്റ്. ഇതില്‍ തന്നെ ആല്‍മണ്ട്, വാള്‍നട്ട് എന്നിവയാണ് ഏറ്റവും നല്ലത്. 


പ്രോട്ടീനും ഫൈബറുമാണ് നട്ട്‌സുകളുടെ പ്രധാന ആകര്‍ഷണം. ഇതിനോടൊപ്പം ചില പഴങ്ങള്‍ കൂടി കഴിക്കാവുന്നതാണ്. നേന്ത്രപ്പഴം, മുന്തിരി, കിവി തുടങ്ങിയവയാണ് ഏറ്റവും നല്ലത്. എങ്കിലും എന്ത് തരം പഴങ്ങളും രാവിലെ അല്‍പം കഴിക്കുന്നത് നല്ലത് തന്നെയാണ്. ഇത് ദഹനാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.