നാഗാലാന്‍ഡിലെ തനിനാടന്‍ വിഭവം പങ്കുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നാഗാലാന്‍ഡില്‍ നിന്നുള്ള പരമ്പരാഗത വിഭവത്തിന്റെ റെസിപ്പിയാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. നാഗാലാന്‍ഡിലെ ദിമാപൂരിൽ നിന്നുള്ള 13 കാരിയായ അയിം ഇംചെനാണ് ഈ വിഭവം തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 ദിമാപൂരില്‍ നിന്നുള്ള വളര്‍ന്നുവരുന്ന ഷെഫും പതിമൂന്നുകാരിയുമായ അയിം ഇംചെന്‍ തന്റെ മുത്തശ്ശിയില്‍ നിന്നും പഠിച്ചെടുത്ത പരമ്പരാഗത വിഭവത്തിന്റെ റെസിപ്പി പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോഷകമൂല്യമുള്ള വിഭവമാണ് ഇതെന്ന് അയിം പറയുന്നു. കാച്ചില്‍ കൊണ്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍...

കാച്ചില്‍
കടുകില
പച്ചമുളക്
തക്കാളി
ഇഞ്ചിയും ഇഞ്ചിയിലയും

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളില്‍ വെള്ളം തിളപ്പിച്ച് ഉപ്പിട്ട് കാച്ചില്‍ വേവിക്കാന്‍ വയ്ക്കുക. കാച്ചില്‍ വെന്ത് കഴിഞ്ഞാല്‍ പച്ചമുളകും കടുകിലയും ചേര്‍ത്ത് മൂന്ന് മിനിറ്റോളം തിളപ്പിക്കുക. ഇനി കഷ്ണങ്ങളാക്കിയ തക്കാളിയും ഇഞ്ചിയും ഇഞ്ചിയിലയും ചേര്‍ത്ത് രണ്ട് മിനിറ്റോളം മൂടിവച്ച് വേവിക്കാം. ശേഷം എല്ലാമൊന്ന് വെന്ത് കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക. ശേഷം ചെറു ചൂടോടെ കുടിക്കാം.