പാല്‍- പാലുല്‍പ്പന്നങ്ങളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശില്‍ സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് പലയിടങ്ങളിലായി റെയ്ഡ് നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് റെയ്ഡിനെത്തുടര്‍ന്ന് പുറത്തുവരുന്നത്. 

മായം കലര്‍ത്തിയ പാല്‍- പാലുല്‍പ്പന്നങ്ങളുടെ 20 ടാങ്കറുകളും, 11 പിക്ക്-അപ് വാനുകളുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് സ്ഥിരമായി പാലും മറ്റ് പാലുല്‍പ്പന്നങ്ങളും എത്തിച്ചിരുന്നത് സംഘമായിരുന്നു. 

മില്‍ക്ക് മെയ്ഡ് ഉണ്ടാക്കാനായി ഷാമ്പൂവും, പെയിന്റും ഉപയോഗിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന് പുറമെ പല മാരകമായ പദാര്‍ത്ഥങ്ങളും പാലിലും ചീസ് പോലുള്ള അനുബന്ധ ഉല്‍പന്നങ്ങളിലും സംഘം ചേര്‍ത്തിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. സോപ്പുപൊടി, റിഫൈന്‍ഡ് ഓയില്‍, മാള്‍ട്ടോഡെക്‌സ്ട്രിന്‍ പൗഡര്‍, സോഡിയം തയോസള്‍ഫേറ്റ് തുടങ്ങിയ പലതരം പദാര്‍ത്ഥങ്ങളും റെയ്ഡുകളില്‍ പിടിച്ചെടുത്തിട്ടുണ്ട്. 

സംഭവത്തില്‍ ഇതുവരെ 62 പേര്‍ അറസ്റ്റിലായിട്ടുണ്ട്. വളരെ ഗുരുതരമായ ഒരു സാഹചര്യമാണിതെന്നും റെയ്ഡ് പലയിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം വിശ്വാസയോഗ്യമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമേ പാലും പാലുല്‍പ്പന്നങ്ങളും വാങ്ങാവൂ എന്നും, കഴിയുമെങ്കില്‍ പരിചയക്കാരായ കര്‍ഷകരില്‍ നിന്ന് തന്നെ ഇവ വാങ്ങി, ഉപയോഗിക്കാനുള്ള ശ്രമം നടത്തണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.