നമുക്കറിയാം പ്രമേഹരോഗികള്‍ ഡയറ്റില്‍ കാത്തുസൂക്ഷിക്കേണ്ട ജാഗ്രതയെപ്പറ്റി. പലപ്പോഴും ഈ ജാഗ്രതയില്‍ ഇഷ്ടഭക്ഷണം കഴിക്കാനാകാതെ പോകുന്നതും വലിയ ദുഖമുണ്ടാക്കുന്ന സംഗതി തന്നെയാണ്. 

മധുരത്തിന് പുറമെ, കാര്‍ബോഹൈഡ്രറ്റ് ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, വിവിധ സ്‌നാക്‌സുകള്‍ - എല്ലാം ഒഴിവാക്കേണ്ടിവരുന്ന എത്രയോ പ്രമേഹരോഗികളുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ അവര്‍ക്കും രുചികരമായ ഭക്ഷണം കഴിക്കാവുന്നതേയുള്ളൂ എന്നാണ് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നത്. 

അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന തരം 'സ്‌പെഷ്യല്‍' സമൂസയെക്കുറിച്ചാണ് ഇനി പറയുന്നത്. സാധാരണഗതിയില്‍ മൈദ ഉപയോഗിച്ചാണ് നമ്മള്‍ സമൂസ തയ്യാറാക്കാനുള്ള മാവ് തയ്യാറാക്കുന്നത്. എന്നാല്‍ ഈ സമൂസയ്ക്ക് നമ്മള്‍ റാഗിയാണ് മാവായി ഉപയോഗിക്കേണ്ടത്. 

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യപദാര്‍ത്ഥമാണ് റാഗി. പൊതുവേ, ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പമാക്കാനാണ് ഫൈബര്‍ സഹായിക്കുന്നത്. പ്രമേഹമുള്ളവരെ സംബന്ധിച്ച് ഭക്ഷണത്തിലൂടെ രക്തത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനവൊഴിവാക്കാനാണ് ഫൈബര്‍ സഹായകമാകുന്നത്. ഇപ്പോള്‍ പ്രമേഹമുള്ളവര്‍ റാഗി കഴിക്കുമ്പോഴുള്ള ഗുണം എന്തെന്ന് മനസിലായല്ലോ, ഇനി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

റാഗി സമൂസ...

സാധാരണഗതിയില്‍ സമൂസയ്ക്ക് വേണ്ടി മാവ് കുഴച്ചെടുക്കുന്ന പരുവത്തില്‍ത്തന്നെ റാഗിയും കുഴച്ചെടുത്ത് പരത്താം. ഇനി ഇതിലേക്ക് ചേര്‍ക്കുന്ന മസാലയുടെ കാര്യത്തില്‍ കൂടി ചെറിയൊരു ശ്രദ്ധ വേണം, തല്‍ക്കാലം നമുക്ക് ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കാതിരിക്കുകയോ അല്ലെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ക്കുകയോ ചെയ്യാം. 

കാരണം, കാര്‍ബോ അളവ് കൂടിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് പ്രമേഹമുള്ളവര്‍ക്ക് അത്ര ആരോഗ്യകരമല്ല. അതുപോലെ സാധാരണ മസാലയില്‍ നിന്നും നമുക്ക് അല്‍പം മാറ്റിപ്പിടിക്കാം. ഉരുളക്കിഴങ്ങിന് പകരം പീസ് ഉപയോഗിക്കാം. കൂട്ടത്തില്‍ ചെറുതായി അരിഞ്ഞ കക്കിരിയും മല്ലിയിലയുമെല്ലാം ചേര്‍ക്കാം. മറ്റ് മസാലപ്പൊടികളും ഉപ്പുമെല്ലാം ആവശ്യത്തിന് ചേര്‍ക്കുക. ബാക്കി സമൂസയാക്കി എടുക്കുന്നത് വരെയുള്ള എല്ലാം സാധാരണ ചെയ്യുന്നത് പോലെ തന്നെ. പ്രമേഹമുള്ളവര്‍ക്കായി 'സ്‌പെഷ്യല്‍' സമൂസ തയ്യാര്‍.