ജീവിതരീതികളിലുണ്ടായ വലിയ മാറ്റമാണ് വർധിച്ചുവരുന്ന ക്യാൻസർ രോഗികളുടെ  എണ്ണത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രോഗമുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ക്കെല്ലാം കഴിയുമെങ്കില്‍ രോഗത്തിനെതിരെ പോരാടാനും ഇവയ്ക്ക് കഴിയണ്ടേ?

ലോകത്താകെ ക്യാന്‍സര്‍ ബാധിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ജീവിതരീതികള്‍ തന്നെയാണ് പ്രധാനമായും ഇതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണവും മറ്റ് ചിട്ടകളുമെല്ലാം അല്‍പം ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് സാരം. 

എന്നാല്‍ രോഗമുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ക്കെല്ലാം കഴിയുമെങ്കില്‍ രോഗത്തിനെതിരെ പോരാടാനും ഇവയ്ക്ക് കഴിയണ്ടേ? ഈ സാമാന്യയുക്തിയെ ശരിവയ്ക്കുന്ന ഒരു പുതിയ പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 

അതായത് ചിലയിനം ഭക്ഷണങ്ങള്‍ക്ക് ക്യാന്‍സര്‍ പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട് എന്ന് സമര്‍ത്ഥിക്കുന്ന വിവിധ പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതിന് സമാനമായ ഒരു പഠനമാണ് അമേരിക്കയിലെ മാര്‍ഷല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ സംഘടിപ്പിച്ചത്

മുളകിന് ശ്വാസകോശ അര്‍ബുദം പടരുന്നത് തടയാനാകുമെന്നാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മുളകിലടങ്ങിയിരിക്കുന്ന 'കപ്‌സെയ്‌സിന്‍' എന്ന ഘടകമാണത്രേ ഇതിന് സഹായകമാകുന്നത്. 

മിക്കവാറും ക്യാന്‍സര്‍, ബാധിച്ച അവയവത്തില്‍ നിന്നും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതാണ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നതും രോഗിയുടെ മരണത്തിനിടയാക്കുന്നതും. ഇത് തടയാന്‍ മുളക് ഉപകരിക്കപ്പെടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ശ്വാസകോശത്തെ ബാധിച്ച ക്യാന്‍സറിന്റെ ഗൗരവം കുറയ്ക്കാനും ചില സന്ദര്‍ഭങ്ങളില്‍ മുളക് സഹായകമാകുമത്രേ. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഗവേഷകര്‍ ഇക്കാര്യം ഫ്‌ളോറിഡയില്‍ നടന്ന എക്‌സ്പിരിമെന്റല്‍ ബയോളജി മീറ്റിംഗില്‍ വച്ച് വെളിപ്പെടുത്തിയത്.