നമ്മുടെയെല്ലാം വീട്ടില്‍ മിക്കപ്പോഴും വാങ്ങിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വേനലാണെങ്കില്‍ നാരങ്ങാവെള്ളം കുടിക്കാനും, അല്ലെങ്കില്‍ ചായയില്‍ പിഴിഞ്ഞ് കഴിക്കാനും, അതുമല്ലെങ്കില്‍ സലാഡുകളിലോ കറികളിലോ ചേര്‍ക്കാനുമെല്ലാം ചെറുനാരങ്ങ നമ്മള്‍ ഉപയോഗിക്കാറുണ്ട്. 

സ്ഥിരമായി ദഹനപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ ഒരു മരുന്ന് പോലെയാണ് അവര്‍ ചെറുനാരങ്ങയെ ആശ്രയിക്കുക. അതുപോലെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്കും വലിയൊരാശ്വാസമാണ് ചെറുനാരങ്ങ. ഇതെല്ലാം നമുക്ക് പൊതുവേ അറിയാവുന്ന കാര്യങ്ങളായിരിക്കും. എന്നാലിനി ചെറുനാരങ്ങയെക്കുറിച്ച് നമുക്കറിയാത്തൊരു രഹസ്യമാണ് പറയാന്‍ പോകുന്നത്. 

ചെറുനാരങ്ങയുടെ മണവുമായി ചുറ്റിപ്പറ്റിയാണ് ഈ രഹസ്യമിരിക്കുന്നത്. ഇതിന്റെ മണം ഇഷ്ടപ്പെടാത്തവര്‍ തന്നെ വളരെ കുറവാണ്. ആസ്വദിക്കാവുന്ന ഒരു മണമെന്നതിലുപരി ഈ മണത്തിന് ഒരു കണ്‍കെട്ട്, അഥവാ മാജിക് അറിയാമെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് സസ്സെക്‌സ്'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

അതായത്, നമ്മള്‍ എന്തിന് വേണ്ടി ഉപയോഗിക്കുകയാണെങ്കിലും ചെറുനാരങ്ങ മുറിക്കുമ്പോള്‍ തന്നെ അതിന്റെ മണം നമ്മളില്‍ ചില മാറ്റങ്ങളുണ്ടാക്കുന്നുണ്ടത്രേ. നമുക്ക് സ്വയം കനമില്ലാതാകുന്നത് പോലെ തോന്നാനും അതുവഴി 'റിലാക്‌സ്ഡ്' ആകാനും ചെറുനാരങ്ങയുടെ മണം സഹായിക്കുന്നുണ്ടത്രേ. അതുപോലെ ഈ മണം നമ്മുടെ മനസിനുള്ളില്‍ നമ്മുടെ സ്വന്തം ശരീരത്തിന്റെ ഒരു പ്രതിരൂപമെത്തിക്കുന്നുണ്ടെന്നും പഠനം അവകാശപ്പെടുന്നു. മനോഹരവും ഒതുങ്ങിയതുമായ സ്വന്തം രൂപമാണത്രേ ഇത്തരത്തില്‍ ചെറുനാരങ്ങയുടെ മണം നമ്മുടെ മനസിലുണ്ടാക്കുന്ന 'ഇമേജ്'.

ആഹാ... എന്ത് സുന്ദരമായ കണ്ടെത്തലാണല്ലേ? എന്നാലിതൊന്നും നമ്മള്‍ തിരിച്ചറിയാതെ പോവുകയാണ് പതിവ്. പക്ഷേ, ചെറുനാരങ്ങയുടെ മണമുണ്ടാക്കുന്ന സന്തോഷം നമ്മള്‍ അനുഭവിക്കുന്നുമുണ്ടെന്ന്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ ചെറുനാരങ്ങ മുറിച്ചയുടന്‍ തന്നെ അത് ശരീരത്തിലും മനസിലുമായി ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവര്‍ക്ക് അനുകൂലമായി മാറുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഇത്രയുമായപ്പോള്‍ ഇപ്പോള്‍ത്തന്നെ ഒരു ചെറുനാരങ്ങ വേണമെന്ന് തോന്നുന്നില്ലേ? അടുക്കളയില്‍ സൂക്ഷിച്ചത് ഇരിപ്പുണ്ടെങ്കില്‍ ഉടന്‍ തന്നെ മുറിച്ച് ഒരു സലാഡോ ചായയോ അങ്ങിട്ടേക്കൂ. കൂട്ടത്തില്‍ ആ മണം മനസുനിറയെ അനുഭവിക്കാനും മറക്കണ്ട.