ഭക്ഷണത്തിലൂടെ ലഭിക്കേണ്ട പോഷകങ്ങള്‍, വിറ്റാമിനുകള്‍ മറ്റ് ആരോഗ്യകരമായ ഘടകങ്ങള്‍... ഇവയിലെല്ലാം വരുന്ന ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് ബാധിക്കുന്ന അവയവങ്ങളുണ്ട്. കണ്ണ് ഇക്കൂട്ടത്തില്‍പ്പെടുന്ന ഒരവയവമാണ്. അതിനാലാണ് ഡയറ്റില്‍ കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടിത്തന്നെ പ്രത്യേകം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്
ഭക്ഷണമാണ് നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാകുന്നത് എന്നറിയാമല്ലോ! ഭക്ഷണത്തിലൂടെ ലഭിക്കുന്ന അവശ്യഘടകങ്ങള്‍ എല്ലാ ശാരീരികപ്രവര്‍ത്തനങ്ങളെയും ത്വരിതപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ഏത് അവയവത്തെ, എപ്പോള്‍ വേണമെങ്കിലും ബാധിക്കാം.
ഭക്ഷണത്തിലൂടെ ലഭിക്കേണ്ട പോഷകങ്ങള്‍, വിറ്റാമിനുകള്‍ മറ്റ് ആരോഗ്യകരമായ ഘടകങ്ങള്‍... ഇവയിലെല്ലാം വരുന്ന ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് ബാധിക്കുന്ന അവയവങ്ങളുണ്ട്. കണ്ണ് ഇക്കൂട്ടത്തില്‍പ്പെടുന്ന ഒരവയവമാണ്.
അതിനാലാണ് ഡയറ്റില്‍ കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടിത്തന്നെ പ്രത്യേകം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണകാര്യത്തിലെ അശ്രദ്ധകള്‍ കണ്ണിനെ എളുപ്പത്തില്‍ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് വെറുതെയല്ലെന്നാണ് പുതിയൊരു പഠനവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. കൊഴുപ്പ് വലിയ രീതിയിലടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കണ്ണിനെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
അതായത് അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കണ്ണിലെ ആര്‍.പി.ഇ കോശങ്ങളെ നശിപ്പിക്കുമത്രേ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാക്കുന്നു. നാല്‍പത് വയസ് കടന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
കൃത്യമായ ഇടവേളകളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതും കണ്ണിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതുമെല്ലാം ഈ പ്രശ്‌നത്തെ പ്രതിരോധിക്കാനുള്ള വഴികളാണ്. അതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുകയും വേണം.
