കലോറി കുറച്ചുള്ള ഡയറ്റ് എല്ലാവരേയും ഒരുപോലെയാണോ സ്വാധീനിക്കുന്നത്? മറിച്ചാണെങ്കില്‍ അതില്‍ വരുന്ന വ്യത്യാസമെന്താണ്? ഇതെപ്പറ്റി ഒരു പഠനം തന്നെ നടത്തിയിരിക്കുകയാണ് കോപ്പെന്‍ഹെയ്ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍

വണ്ണം കുറയ്ക്കാന്‍ കലോറി കുറച്ചുള്ള ഡയറ്റ് പിന്തുടരുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് എത്തരത്തിലെല്ലാമാണ് നമ്മളെ സ്വാധീനിക്കുന്നത് എന്ന് പലപ്പോഴും നമ്മളറിയുന്നില്ല. 

കലോറി കുറച്ചുള്ള ഡയറ്റ് എല്ലാവരേയും ഒരുപോലെയാണോ സ്വാധീനിക്കുന്നത്? മറിച്ചാണെങ്കില്‍ അതില്‍ വരുന്ന വ്യത്യാസമെന്താണ്? ഇതെപ്പറ്റി ഒരു പഠനം തന്നെ നടത്തിയിരിക്കുകയാണ് കോപ്പെന്‍ഹെയ്ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. 

പ്രധാനമായും ലിംഗവ്യത്യാസമാണ് ഈ വിഷയത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് 'ലോ കലോറി ഡയറ്റ്' പുരുഷന്മാരിലും സ്ത്രീകളുമുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ രണ്ട് തരത്തിലായിരിക്കുമത്രേ. രണ്ടായിരം പേരെ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. 

ഇതില്‍ 'ലോ കലോറി ഡയറ്റ്' സ്ത്രീകളെക്കാള്‍ വണ്ണം കുറയ്ക്കുന്നത് പുരുഷന്മാരിലാണെന്ന് പഠനം കണ്ടെത്തി. അതുപോലെ പ്രമേഹം വരാനുള്ള സാധ്യതകള്‍ കുറവ് കണ്ടതും പുരുഷന്മാരിലാണത്രേ. അതേസമയം സ്ത്രീകളില്‍ ഈ ഡയറ്റ്- എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും അരവണ്ണം എളുപ്പത്തില്‍ കുറയ്ക്കാനും സഹായിക്കുന്നതായും പഠനം വിലയിരുത്തി. 

ചുരുക്കത്തില്‍ 'ലോ കലോറി ഡയറ്റ്' സ്ത്രീയിലും പുരുഷനിലും ഉണ്ടാക്കുന്ന മാറ്റങ്ങളില്‍ വലിയ അന്തരമുണ്ടെന്നാണ് പഠനം നിരീക്ഷിക്കുന്നത്. സ്വാഭാവികമായും ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും പ്രമേഹം- കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങളുടെ കാര്യത്തിലും ഈ വ്യതിയാനം നിലനില്‍ക്കുമെന്നും ഇവര്‍ പറയുന്നു.