നല്ല ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ നന്നായി ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേ എല്ലാവരും പറയാറ്. ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളില്‍ മഹാഭൂരിപക്ഷം ഘടകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ ഭക്ഷണം തന്നെയാണ് നമ്മള്‍ അടിസ്ഥാനവിഷയമായി കരുതുന്നത്. 

എന്നാല്‍ ഈ സങ്കല്‍പങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമായ ആശയമാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്. അമേരിക്ക- ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 'സെല്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

അതായത്, ആദ്യം സൂചിപ്പിച്ചത് പോലെ ഭക്ഷണം പ്രധാനമാണെങ്കില്‍ കൂടി മിതമായ തരത്തിലേ ഭക്ഷണം കഴിക്കാവൂയെന്നാണ് ഈ പഠനം നിര്‍ദേശിക്കുന്നത്. ഇതിന് പിന്നിലൊരു കാരണമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. മിതമായ ഭക്ഷണം കഴിക്കുന്നവര്‍ക്കാണത്രേ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം. അതിനാലാണ് ഇത്തരത്തില്‍ ഭക്ഷണം ക്രമീകരിക്കാന്‍ നിര്‍ദേശിക്കുന്നതത്രേ. 

മിതമായ ഭക്ഷണം കഴിക്കുന്നതിലൂടെ കോശങ്ങള്‍ക്ക് പ്രായം കൂടുന്ന പ്രക്രിയയെ നിയന്ത്രിക്കാനാകുമെന്നും ഇത് മൂലം ആകെ ശരീരത്തിന്റെ പ്രായത്തെ തന്നെ സ്വാധീനിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ചെറുപ്പം നിലനിര്‍ത്താന്‍ വേണ്ടി മനുഷ്യര്‍ ധാരാളം പോംവഴികള്‍ അന്വേഷിച്ചുതുടങ്ങുമെന്നും ഇപ്പോള്‍ തങ്ങള്‍ നടത്തിയ പഠനം, അപ്പോഴാണ് പ്രായോഗികതലത്തില്‍ വ്യാപകമായി അംഗീകരിക്കപ്പെടുകയെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.