Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

ഇന്ത്യയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഏറ്റവുമധികം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓര്‍ഡര്‍ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്.

swiggy report says that chicken biryani is the most ordered dish in 2022
Author
First Published Dec 17, 2022, 12:25 PM IST

ഫുഡ് ഡെലിവെറി സര്‍വീസുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഫുഡ് ഡെലിവെറി ആപ്പുകള്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പാചകം ചെയ്ത് കഴിക്കാനോ പുറത്തുപോയി കഴിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യങ്ങളില്‍ ഒരു ആശ്രയമെന്നോണം എത്രയോ പേരാണ് ദിനംപ്രതി ഫുഡ് ഡെലിവെറി ആപ്പുകളെ ആശ്രയിക്കുന്നത്. 

സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളാണ് ഇന്ത്യയില്‍ ഏറെ സജീവമായി ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇന്ത്യയില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവങ്ങളെ കുറിച്ച് വര്‍ഷാന്ത്യത്തില്‍ സ്വിഗ്ഗി ഒരു റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. ഇക്കുറിയും ഈ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

ഇന്ത്യയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഏറ്റവുമധികം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓര്‍ഡര്‍ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്. അതായത്, മിനുറ്റില്‍ 137 ബിരിയാണി എന്നതാണ് കണക്ക്. 

ചിക്കൻ ബിരിയാണി കഴിഞ്ഞാല്‍ പിന്നെ മസാലദോശയാണ് ഇന്ത്യയില്‍ സ്വിഗ്ഗി വഴി ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട വിഭവമത്രേ. മസാലദോശയ്ക്ക് പിന്നാലെ ചിക്കൻ ഫ്രൈഡ് റൈസ്, പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ നാൻ എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നു. 

രാജ്യത്തിന് പുറത്തുള്ള രുചിവൈവിധ്യങ്ങളോടും ഏറെ പേര്‍ ഈ വര്‍ഷം ഇഷ്ടം കൂടുതലായി കാണിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് തെളിവാണ് സുഷി, മെക്സിക്കൻ ബൗള്‍സ്, കൊറിയൻ റാമൻ, ഇറ്റാലിയൻ പാസ്ത, പിസ എന്നിയ്ക്കെല്ലാം കിട്ടിയിട്ടുള്ള ഓര്‍ഡറുകളെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

പാതിരാത്രിയുള്ള ഓര്‍ഡറുകള്‍ അധികവും പോപ്കോണിന് വേണ്ടിയുള്ളതാണത്രേ. ഡിസേര്‍ട്ടുകളില്‍ ഏറ്റവും പ്രിയം വന്നിട്ടുള്ളത് ഗുലാബ് ജാമുനാണ്. സ്നാക്കുകലിലാണെങ്കില്‍ മുന്നില്‍ സമൂസ. 

ഈ വര്‍ഷം രാജ്യത്ത് സ്വിഗ്ഗി വഴി ഓര്‍ഗാനിക് ആയ പഴങ്ങള്‍, സലാഡ് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 

Also Read:- ബിരിയാണി ഓര്‍ഡര്‍ അനുഭവം പങ്കുവച്ച് ട്വീറ്റ് ; കമന്‍റ് ബോക്സ് നിറഞ്ഞ് ഫുഡ് ഓര്‍ഡര്‍ അനുഭവങ്ങള്‍

Follow Us:
Download App:
  • android
  • ios