ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഉത്പന്നമാണ് 'ടീ ബാഗ്'. ഓഫീസുകളിലും കാന്‍റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്. എന്നാല്‍ ഇത് സുരക്ഷിതമല്ലാതെയാണ് നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഒരു പ്ലാസ്റ്റിക് ടീ ബാഗില്‍ 100 കോടിയോളം മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഉണ്ടാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഒരു വര്‍ഷം കൊണ്ട് ഒരാളുടെ ശരീരത്തില്‍ കാണപ്പെടുന്ന പ്ലാസ്റ്റിക്കുകളെകാള്‍ വലുതാണിത്. 

എന്നാല്‍ എല്ലാ ടീ ബാഗുകളും പ്ലാസ്റ്റിക് കൊണ്ടല്ല നിര്‍മ്മിക്കുന്നത്. ഭൂരിപക്ഷം ടീബാഗുകളും ഫൈബര്‍ അല്ലെങ്കില്‍ നാര് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചില ഫാന്‍സി ടീ ബാഗുകളാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്നത്. അതുപോലെ തന്നെ പ്ലാസ്റ്റിക് ടീ ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ ലക്ഷക്കണക്കിന് അതിസൂഷ്മ കണങ്ങള്‍ ചായയില്‍ കലരുമെന്നും പഠനമുണ്ട്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ വ്യാപ്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് ആന്‍റ് ടെക്‌നോളജി ജേര്‍ണലില്‍ പറയുന്നു. ചെറിയ നാനോ പാര്‍ട്ടിക്കിളുകളായി ഈ പ്ലാസ്റ്റിക്കുകള്‍ മാറുമെന്നും പഠനത്തില്‍ പറയുന്നു.

അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ അനുവദിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാസംഘവും നേരത്തെ പറഞ്ഞിരുന്നു. പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) നേരത്തേ തീരുമാനിച്ചിരുന്നു.