Asianet News MalayalamAsianet News Malayalam

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ പത്ത് പഴങ്ങള്‍...

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 
 

Ten Fruits Ideal For Diabetes azn
Author
First Published May 29, 2023, 10:18 PM IST

പ്രമേഹം- രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥ. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. 

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

പീച്ച് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തനതായ രുചിയും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, പീച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ ഇവ കഴിക്കാം. 

രണ്ട്... 

പിയറാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയർ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. കൂടാതെ, ഇവ ശരീരഭാരം നിയന്ത്രിക്കാനും മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു. 

മൂന്ന്...

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

നാല്...

ചെറിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചിക കുറവും പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്...

കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകൾ എന്നിവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവി സഹായിക്കും. 

ആറ്...

സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നവയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

ഏഴ്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും പ്രതിരോധശക്തിയേകുന്ന വിറ്റാമിൻ സിയും  ഇവയില്‍ അടങ്ങിയിരിക്കുന്നു.

എട്ട്...

മുന്തിരിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ മുന്തിരിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക ധൈര്യമായി കഴിക്കാം. 

ഒമ്പത്...

പേരയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

പത്ത്...

തണ്ണിമത്തന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ തണ്ണമത്തന്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവ ധാരാളം കഴിക്കുന്നത് വൃക്കകളെ സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: തലമുടി കരുത്തോടെ വളരാന്‍ കുടിക്കാം ഈ നാല് പാനീയങ്ങള്‍...

Follow Us:
Download App:
  • android
  • ios