Asianet News MalayalamAsianet News Malayalam

'പാവപ്പെട്ടവന് മാത്രം വരുന്ന രോഗം' - ബിഹാറിലെ ശിശുമരണങ്ങളും ലിച്ചിയും തമ്മിലെന്ത് ?

ഈ അസുഖം വരാതിരിക്കാൻ വളരെ എളുപ്പമാണ്. ഈ കുട്ടികൾ രാത്രി വല്ലതുമൊക്കെ കഴിക്കുന്നുണ്ട് എന്നുറപ്പിക്കുക.  അവരെ പട്ടിണിക്കിടാതിരിക്കുക. 

The disease that kills only poor childrem and its relation with Litchi Fruit
Author
Bihar Sharif, First Published Jun 20, 2019, 11:34 AM IST

 ബിഹാറിലെ ആശുപത്രികളിൽ അഡ്മിറ്റായിരിക്കുന്ന കുട്ടികളുടെ എണ്ണം അഞ്ഞൂറ് കടന്നിരിക്കുന്നു.  മരണസംഖ്യ 110-ൽ അധികമായി. മരണത്തിന് കാരണമായി ഡോക്ടർമാർ  ചൂണ്ടിക്കാണിക്കുന്നത് രക്തത്തിൽ ഷുഗറിന്റെ അളവിൽ ഉണ്ടാവുന്ന പെട്ടെന്നുള്ള കുറവാണ്, വൈദ്യശാസ്ത്രത്തിൽ 'ഹൈപ്പോഗ്ലൈസീമിയ ' എന്ന പേരിൽ അറിയപ്പെടുന്ന ഒരു രോഗാവസ്ഥ. മരിച്ചവരിൽ പലരും പ്രദേശത്ത് സുലഭമായി കിട്ടുന്ന ലിച്ചിപ്പഴം കഴിച്ചിരുന്നവരാണത്രെ.  കുഞ്ഞുങ്ങളുടെ മരണവും ലിച്ചിപ്പഴവും തമ്മിലെന്താണ് ? 

എന്താണീ 'അക്യൂട്ട് എൻസഫലൈറ്റിൽ സിൻഡ്രം' (AES) 

ആശുപത്രികളിൽ പലവിധത്തിലുള്ള ക്ലിനിക്കൽ ന്യൂറോളജിക്കൽ ലക്ഷണങ്ങളുടെ വരുന്ന കുട്ടികളുണ്ട്. പലർക്കും പലവിധത്തിലുള്ള ലക്ഷണങ്ങളാണ്. ചിലർക്ക് മാനസിക വിഭ്രാന്തി, ചിലർക്ക് നടക്കുമ്പോൾ മന്ദത, ചിലർക്ക് അപസ്മാരം, ചിലർക്ക് സന്നിപാതം, ചുരുക്കം ചില കുട്ടികൾ കോമയിലേക്കും വീണുപോവുന്നു. ഇതിനു കാരണമായി ബാക്ടീരിയ അല്ലെങ്കിൽ വൈറസ്  മൂലമുണ്ടാവുന്ന മെനിഞ്ചൈറ്റിസ്, വൈറസ് കാരണം ഉണ്ടാവുന്ന എൻസഫലൈറ്റിസ്, എൻസെഫലോപ്പതി, സെറിബ്രൽ മലേറിയ, സ്‌ക്രബ് ടൈഫസ് അങ്ങനെ ഒരു കൂട്ടം അസുഖങ്ങളെ വിളിക്കുന്ന ഒരൊറ്റ പേരാണ് അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രം എന്നത്. എൻസെഫലോപ്പതി ഒഴികെയുള്ളതെല്ലാം ബാക്ടീരിയ അല്ലെങ്കിൽ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥകളാണ്. എൻസെഫലോപ്പതി മാത്രം ഒരു ബയോ കെമിക്കൽ റിയാക്ഷൻ കൊണ്ടുണ്ടാവുന്ന അസുഖമാണ്. 

ബിഹാറിൽ കുഞ്ഞുങ്ങളുടെ ജീവനെടുത്തത് എന്താണ് ? 

ബിഹാറിലെ പല കുട്ടികളുടെയും ജീവനെടുത്തത് ഹൈപ്പോ ഗ്ലൈസീമിക് ൻസെഫലോപ്പതിഎന്ന അസുഖമാണ്. മുസഫർപൂറിൽ മരിച്ച കുട്ടികളിൽ വലിയതോതിൽ ഹൈപ്പോ ഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ കണ്ടിരുന്നു. ലിച്ചി പഴത്തിൽ കാണുന്ന മെഥിലിൻ സൈക്ലൊ പ്രൊപൈൽ ഗ്ലൈസിൻ(MPCG) എന്ന ഒരു വിഷാംശമുള്ള ഘടകമാണ് കുഞ്ഞുങ്ങളിൽ ഹൈപ്പോ ഗ്ലൈസീമിയയ്ക്ക് കാരണമാവുന്നത്. അതെങ്ങനെ എന്ന് നോക്കാം. 

പ്രഭാതങ്ങളിൽ, പൊതുവെ ശരീരത്തിന്റെ ബ്ലഡ് ഷുഗർ കുറഞ്ഞിരിക്കും. കാരണം, രാത്രി നമ്മൾ ഏകദേശം എട്ടോ ഒമ്പതോ മണിക്കുള്ളിൽ കഴിച്ച ഭക്ഷണം പൂർണ്ണമായും ദാഹിച്ചു പോയിട്ടുണ്ടാവും. ഏറെക്കുറെ വയർ കാലിയായിരിക്കും.  മൂന്നു നേരം മൃഷ്ടാന്നം സമീകൃതാഹാരം കിട്ടുന്ന കുട്ടികൾക്ക് ഒരിക്കലൂം ഹൈപ്പോ ഗ്ലൈസീമിയ വരില്ല. ഈ അസുഖം പാവപ്പെട്ടവന്റെ മാത്രം അസുഖമാണ്. മൂന്നു നേരം നല്ല ഭക്ഷണം കഴിക്കാതെ, വൈകുന്നേരം നേരത്തെ അത്താഴമുണ്ട് കിടന്നുറങ്ങുന്ന കുഞ്ഞുങ്ങൾക്കാണ് ഇത് വരിക. രക്തത്തിൽ, ചുരുങ്ങിയ അളവിലെങ്കിലും ഷുഗർ ഉണ്ടായിരിക്കേണ്ടത്  തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. സാധാരണ കരളിൽ ശേഖരിച്ചിരിക്കുന്ന ഗ്ലൈക്കോജൻ എടുത്തുപയോഗിക്കുകയാണ് പതിവ്.  പോഷണക്കുറവുള്ള കുട്ടികളുടെ കരളിൽ ഗ്ലൈക്കോജൻ സ്റ്റോക്ക് കാണില്ല, അതുകൊണ്ടുതന്നെ  ആവശ്യം നിറവേറ്റാൻ കരളിന് സാധിക്കുകയുമില്ല. അടുത്ത വഴി ഗ്ലൂക്കോസ് സിന്തസിസ് ആണ്. ഫാറ്റി ആസിഡ് ഓക്സിഡേഷൻ എന്ന് പറയുന്ന പ്രക്രിയ. അത് നടപ്പിലാക്കാനുള്ള ശരീരത്തിന്റെ ശ്രമത്തെ, ലിച്ചി പഴം കഴിക്കുമ്പോൾ ശരീരത്തിലെത്തുന്ന MCPG എന്ന ഘടകം തടയുമ്പോഴാണ് അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയായി ഹൈപ്പോ ഗ്ലൈസീമിയയിലെത്തുന്നത്. 

The disease that kills only poor childrem and its relation with Litchi Fruit

സമീകൃതാഹാരം കഴിച്ച് വളരുന്ന കാശുള്ള വീട്ടിലെ കുട്ടികൾ ലിച്ചിപ്പഴം കഴിച്ചാൽ അവർക്ക് ഒന്നും സംഭവിക്കില്ല.  തലേ ദിവസം രാത്രി ഭക്ഷണത്തിനു പകരം പ്രദേശത്ത് സുലഭമായി കിട്ടുന്ന, കുട്ടികൾക്ക് പറിച്ചു തിന്നാൻ പറ്റുന്ന ലിച്ചിപ്പഴം മാത്രം ആഹരിച്ച്, വെറും വയറ്റിൽ കിടന്നുറങ്ങിയാൽ അടുത്ത ദിവസം രാവിലെയാവുമ്പോഴേക്കും കാര്യങ്ങൾ അവതാളത്തിലാകും.

പോഷണമുള്ള കുട്ടികളിൽ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന അധിക ഗ്ലൂക്കോസ് കരളിൽ ഗ്ലൈക്കോജൻ രൂപത്തിൽ ശേഖരിക്കപ്പെടും. ഗ്ലൂക്കോസ് ലെവൽ വല്ലാതെ താനാൽ ഉടനെ ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റി, രക്തത്തിന് സപ്ലൈ ചെയ്യും. എന്നാൽ പോഷണക്കുറവുള്ള കുട്ടികളിൽ ഈ റിസർവ് സ്റ്റോറേജ് വളരെ വീക്കാവും. അതാണ് ഒടുവിൽ ഹൈപ്പോ ഗ്ലൈസീമിയയിൽ ചെന്നവസാനിക്കുനത്. 

ശരീരം എന്ത് അടിയന്തിരഘട്ടത്തിനും ഒന്നിലധികം വഴികൾ തുറന്നുവച്ചിരിക്കും. ഇവിടെ പോഷണക്കുറവുള്ള കുട്ടികളുടെ കരളിൽ ഗ്ലൈക്കോജൻ സ്റ്റോക്കില്ലെങ്കിൽ, അടുത്തതായി ഫാറ്റി ആസിഡുകൾ ഗ്ലൂക്കോസ് ആയി മാറ്റുകയാണ് പതിവ്. അവിടെയാണ് ഈ ലിച്ചി ടോക്സിൻ വില്ലനാവുന്നത്. ലിച്ചിയിലെ ഈ പ്രത്യേക ഘടകം ഈ പ്രക്രിയ മരവിപ്പിക്കും. അതോടെ ശരീരത്തിൽ ഗ്ളൂക്കോ ഇല്ലാതെയായി ഹൈപ്പോഗ്ലൈസേമിയ ബാധിച്ച് കുട്ടി മരിക്കും. 

The disease that kills only poor childrem and its relation with Litchi Fruit

ലിച്ചിയിലെ ടോക്സിൻ അംശം രണ്ടുതരത്തിൽ തലച്ചോറിനെ ബാധിക്കും. ഒന്ന്, അത് ഫാറ്റി ആസിഡുകളെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന പ്രക്രിയയെ പാതിവഴി നിർത്തും. അതോടെ ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാവും. രണ്ട്, ഈ പ്രക്രിയ പാതിവഴി നിൽക്കുമ്പോൾ ഉണ്ടാവുന്ന അമിനോ ആസിഡുകൾ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. അമിനോ ആസിഡുകൾ കുട്ടികളുടെ തലച്ചോറിൽ എഡിമയും, അപസ്മാരവും ഉണ്ടാക്കും. കുട്ടികളെ കോമയിലേക്കു തള്ളിയിടാനും, അവരുടെ മരണത്തിനു കരണമാവാനും ഇതുമതി. 

ഈ അസുഖം വരാതെ നോക്കുന്നത് എങ്ങനെ ..? 

വളരെ എളുപ്പമാണ്. ഈ കുട്ടികൾ എന്നും രാത്രി മുടങ്ങാതെ ഭക്ഷണം, അതും സമീകൃതാഹാരം കഴിക്കുന്നുണ്ട് എന്നുറപ്പുവരുത്തുക. രാത്രി കിടക്കാൻ നേരം അവരെ ലിച്ചിപ്പഴം കഴിക്കാൻ വിടാതിരിക്കുക. ഇത്രയും ചെയ്‌താൽ മതി. ബാക്കി രണ്ടു നേരം കൂടി കുട്ടികൾക്ക് വയറുനിറച്ച് ഭക്ഷണം കൊടുക്കുക. ഈ അസുഖം മരണകരണമാവുന്നത് വേണ്ടത്ര പോഷണമില്ലാത്ത കുട്ടികളിൽ മാത്രമാണ്. അതിനു കാരണമോ, പട്ടിണിയും. 

 

The disease that kills only poor childrem and its relation with Litchi Fruit

വന്നാൽ ചികിത്സയുണ്ടോ..? 

ഉണ്ട്.. ആദ്യത്തെ ലക്ഷണം വന്ന ഉടൻ തന്നെ, കഴിവതും ആദ്യ നാലുമണിക്കൂറിനുള്ളിൽ,  കുട്ടികളിൽ പത്തു ശതമാനം ഡെക്‌സ്ട്രോസ് ( ഒരു തരം ഗ്ലൂക്കോസ്) ഡ്രിപ്പ് വഴി കയറിക്കഴിഞ്ഞാൽ കുട്ടികൾ രക്ഷപ്പെടും. അതോടൊപ്പം ഒരു 3% സലൈൻ കൂടി നൽകുന്നത് അഭികാമ്യമാണ്. അത് എഡിമ കുറയ്ക്കാൻ സഹായിക്കും. ഈ തുടക്കത്തിലെ നാലുമണിക്കൂർ വളരെ പ്രധാനമാണ്. ആ സമയത്തിനുള്ളിൽ ഈ മരുന്ന്   കൊടുത്തില്ലെങ്കിൽ തലച്ചോറിലെ കോശങ്ങൾ തിരിച്ചുവരാനാവാത്ത വിധം നശിച്ചു പോവും. അവർക്ക്  കേൾവി നാശം, മാനസിക അസ്വാസ്ഥ്യം, പേശികൾക്ക് കലിപ്പ് തുടങ്ങിയ അസുഖങ്ങൾ ബാധിക്കാം. പല കേസുകളിലും അസുഖത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാതെ ആളുകൾ, ഭൂതബാധ എന്നും മറ്റും പറഞ്ഞ് വല്ല സിദ്ധന്റെയും അടുത്ത് ചെല്ലും. അതിനുശേഷം അസുഖം നന്നേ മൂർച്ഛിച്ച് ആശുപത്രിയിൽ എത്തുമ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥ ആയിട്ടുമുണ്ടാവും. 

ബിഹാറിൽ ഇപ്പോൾ ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയ ഈ സാഹചര്യത്തിന് ഒരു പരിധിവരെ, അവിടത്തെ കുട്ടികൾ അനുഭവിക്കുന്ന പട്ടിണി മാത്രമാണ് കാരണം. രാത്രി ഒന്നും തിന്നാൻ കിട്ടാതെ  ആകെ വിശന്നു വലയുന്ന കുട്ടികളാണ്, ഗതികെട്ട് ലിച്ചിപ്പഴമെങ്കിൽ ലിച്ചിപ്പഴം പറിച്ചു തിന്നുന്നത്. അവർക്ക് അതിന്റെ പിന്നിലുള്ള അപകടങ്ങളെപ്പറ്റിയൊന്നും ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ലഭ്യമാക്കുന്ന ഈ കുട്ടികൾക്ക് വേണ്ടത് മൂന്നുനേരം സമീകൃതാഹാരം ലഭ്യമാക്കുന്ന സർക്കാർ പദ്ധതികളാണ്. ഇനിയൊരിക്കലും അവർക്ക് പട്ടിണി കിടക്കേണ്ടി വരില്ല എന്ന ഉറപ്പാണ്.. 

Follow Us:
Download App:
  • android
  • ios