മണിക്കൂറുകളോളം ഒരിറ്റ് വെളളം പോലും കുടിക്കാതെയുള്ള വ്രതമെന്നാല്‍ അതല്‍പം കഠിനം തന്നെയാണ്. എങ്കിലും വിശ്വാസത്തിന്റെ ശക്തിയില്‍ ആ കാഠിന്യം അലിഞ്ഞുപോവുകയാണ്. എന്നിരിക്കിലും ജലപാനമില്ലാതെയുള്ള വ്രതത്തില്‍ ചില കാര്യങ്ങള്‍ ഗൗരവമായും ശ്രദ്ധിക്കേണ്ടതുണ്ട് 

ആത്മീയതയുടെ മാസമായ റംസാനില്‍ വിശ്വാസികള്‍ ജലപാനം പോലുമില്ലാതെ വ്രതത്തിലാണ്. മണിക്കൂറുകളോളം ഒരിറ്റ് വെളളം പോലും കുടിക്കാതെയുള്ള വ്രതമെന്നാല്‍ അതല്‍പം കഠിനം തന്നെയാണ്. എങ്കിലും വിശ്വാസത്തിന്റെ ശക്തിയില്‍ ആ കാഠിന്യം അലിഞ്ഞുപോവുകയാണ്.

എന്നിരിക്കിലും ജലപാനമില്ലാതെയുള്ള വ്രതത്തില്‍ ചില കാര്യങ്ങള്‍ ഗൗരവമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം ശരീരത്തിലെ ജലാംശത്തിന്റെ കാര്യമാണ്. പൂര്‍ണ്ണമായും ജലാംശം ഇല്ലാതാകുന്ന അവസ്ഥയില്‍ ശരീരം നിര്‍ജലീകരണത്തിന് വിധേയമാകും. ഇത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അപൂര്‍വ്വം അവസരങ്ങളില്‍ ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് വരെ നിര്‍ജലീകരണം നമ്മളെയെത്തിക്കും. 

അതിനാല്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പും, വ്രതം തീര്‍ന്നതിന് ശേഷവും കഴിയുന്നത്ര വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേയധികം വെള്ളം കുടിക്കുന്നതിന് പകരം കുറേശ്ശെയായി വെള്ളം അകത്താക്കാം. ഇതിന് വേണ്ടി ഭക്ഷണത്തിന്റെ അളവ് അല്‍പം കുറയ്ക്കുന്നതിനും മടി കാണിക്കേണ്ട. അതോടൊപ്പം തന്നെ വെയിലിലും ചൂടിലും അധികനേരം നില്‍ക്കുന്നത് ഒഴിവാക്കണം. ഇതും നിര്‍ജലീകരണത്തിന് ഇടയാക്കും. 

വ്രതമില്ലാത്ത നേരത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം കരുതലാകാം. ഉപ്പും, കഫീനും അധികമായി കഴിക്കരുത്. ഇത് പിന്നീട് തൊണ്ട വരണ്ടുണങ്ങുന്നതിനും, ശരീരത്തിലെ ജലാംശം വറ്റുന്നതിനും കാരണമാകും. കൂടാതെ അധികം മസാലയുള്ള ഭക്ഷണങ്ങളാണെങ്കില്‍ അതിന്റെ അളവ് കുറച്ച്, കൂടുതല്‍ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുവാനും ശ്രദ്ധിക്കണം. 

പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണം, ജങ്ക് ഫുഡ് എന്നിവയും പരമാവധി ഒഴിവാക്കുക. ഇവയെല്ലാം പൊതുവില്‍ അനാരോഗ്യകരവും വ്രതമെടുക്കുന്ന സമയത്ത് അല്‍പം കൂടി അപകടകാരികളുമാണ്. 

വ്രതം എടുക്കുന്ന പ്രായമായവര്‍, ഗര്‍ഭിണികള്‍ (അവര്‍ക്ക് വ്രതം നിര്‍ബന്ധമില്ല എങ്കില്‍ കൂടി), കുട്ടികള്‍, സ്ത്രീകള്‍- എന്നീ വിഭാഗങ്ങളുടെ ആരോഗ്യാവസ്ഥ ഇടയ്ക്കിടെ തൃപ്തികരമാണെന്ന് പരിശോധിച്ച് ഉറപ്പിക്കാം. എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവരാണെങ്കിലും ഇക്കാര്യം ബാധകം തന്നെ. പുരുഷന്മാര്‍ പൊതുവേ നേരത്തേ സൂചിപ്പിച്ച വിഭാഗങ്ങളെക്കാള്‍ ആരോഗ്യമുള്ളവരായിരിക്കും, എങ്കിലും എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുന്ന പക്ഷം പുരുഷന്മാരും ആരോഗ്യാവസ്ഥ പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പിക്കുക തന്നെ വേണം.