എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ തന്നെ ശരീരഭാരത്തെ നിയന്ത്രിക്കാനാകും. 

ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ നല്‍കണം. 

അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാല്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. 

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും തടി വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാല്‍ ഉറങ്ങുന്നതിന് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ അത്താഴം കഴിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമിടയില്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഇടവേള ഉണ്ടാവുകയും വേണം. എട്ട് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് സാരം. രാത്രി ഇടയ്ക്ക് വിശന്നാല്‍ സാലഡോ മറ്റോ കഴിക്കാം. 

Also Read: വിശപ്പും വയറിലെ കൊഴുപ്പും കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...