സ്വത്തുക്കളും മറ്റും കുടുംബങ്ങള്‍ പാരമ്പര്യമായി കൈമാറാറുണ്ട്. എന്നാല്‍ കേക്ക് കൈമാറുന്നത് ആദ്യമായിട്ടാകും കേള്‍ക്കുന്നത്. മിഷിഗണിലെ ഒരു കുടുംബമാണ് ഇവിടെ പാരമ്പര്യമായി കേക്ക് കൈമാറുന്നത്. അതും 141 വര്‍ഷം പഴക്കമുള്ള ഫ്രൂട്ട് കേക്ക്. 

കേക്കിന്‍റെ ഇപ്പോഴത്തെ അവകാശി ജൂലി റൂട്ടിംഗര്‍ എന്ന വനിതയാണ്. 1878 ലാണ് ഈ ഫ്രൂട്ട് കേക്ക് ബേക്ക് ചെയ്യുന്നത്. ഫിഡെലിയ ഫോര്‍ഡ് എന്ന സ്ത്രീയായിരുന്നു കേക്ക് ഉണ്ടാക്കിയത്. അവധിക്കാലത്ത് മുറിക്കാനായി കേക്ക് ഉണ്ടാക്കിയ അവര്‍ അത് ഒരു വര്‍ഷക്കാലം സൂക്ഷിച്ചു. അത്തരത്തില്‍ ഒരു വര്‍ഷം കേക്ക് സൂക്ഷിക്കുന്ന രീതി ഉണ്ടാക്കിയെടുത്തതും ഫോര്‍ഡ് ആയിരുന്നു. എന്നാല്‍ അടുത്ത അവധിക്കാലത്ത് കേക്ക് മുറിക്കുന്നതിന് മുമ്പ് ഫിഡെലിയ ഫോര്‍ഡ് മരണമടഞ്ഞു. 

 

ഫിഡെലിയ ഫോര്‍ഡിന്റെ കുടുംബം അവരുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ഈ കേക്കിനെ കണ്ടത്. അവരോടുള്ള ബഹുമാനാര്‍ത്ഥം കുടുംബം ആ കേക്ക് സൂക്ഷിച്ചു. 2013ല്‍ മരിക്കുന്നതുവരെ, ജൂലി റൂട്ടിംഗറുടെ പിതാവ് മോര്‍ഗന്‍ ഫോര്‍ഡിന്റെ കൈവശമായിരുന്നു ഈ കേക്ക്. അദ്ദേഹം ഫിഡെലിയ ഫോര്‍ഡിന്റെ കൊച്ചുമകനായിരുന്നു. അദ്ദേഹമാണ് പുരാതന കേക്കിനെ ഒരു ഗ്ലാസ് പാത്രത്തിലാക്കി സൂക്ഷിച്ചത്. അതുപോലെ തന്നെ കേക്ക് ഇന്നും സൂക്ഷിക്കുന്നു.

 

 

തന്റെ 93 വര്‍ഷം നീണ്ട ജീവിതത്തില്‍ കുടുംബത്തിന്റെ പൈതൃകമായ ഫ്രൂട്ട്‌കേക്ക് മുറുകെപ്പിടിച്ച മോര്‍ഗന്‍ ഫോര്‍ഡ് പള്ളിയിലും കുടുംബ സംഗമങ്ങളിലും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 2003 ഡിസംബറില്‍ 'ദി ടുനൈറ്റ് ഷോ' യില്‍ അദ്ദേഹം കേക്ക് പ്രദര്‍ശിപ്പിച്ചു.