മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം അടിമുടി വിഷാംശമാണെന്നാണ് പൊതുവേയുള്ള വാദം. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികള്‍ തന്നെയാണ് ഇതിന് കാരണം. ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവ ധാരാളം മതിയെന്നാണ് ആരോഗ്യവിദഗ്ധരും പറയാറ്. 

എന്നുവച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് എപ്പോഴും ജൈവപച്ചക്കറികളോ പഴങ്ങളോ മാത്രം ഉപയോഗിക്കുകയും സാധ്യമല്ലല്ലോ. അപ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നവ തന്നെ, നന്നായി വൃത്തിയാക്കി ഉപയോഗിക്കുകയേ മാര്‍ഗമുള്ളൂ. ഇതിനായി ചില കാര്യങ്ങള്‍ പ്രത്യേകം കരുതാം. 

പച്ചക്കറികളോ പഴങ്ങളോ എന്തുമാകട്ടെ, അവ വൃത്തിയാക്കുന്നതിന് മുമ്പ് കൈ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ സോപ്പോ ഹാന്‍ഡ്വാഷോ ഉപയോഗിച്ച് ഒന്നുകൂടി കഴുകാം. എന്നാല്‍ പച്ചക്കറികളും പഴങ്ങളുമൊന്നും കഴുകാന്‍ ഒരിക്കലും ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. 

എല്ലാ പച്ചക്കറികളും പഴങ്ങളും ഒരുപോലെ വൃത്തിയാക്കാനാകില്ല. അത്യാവശ്യം ഉറപ്പുള്ള പച്ചക്കറികളാണെങ്കില്‍ പൈപ്പിന് ചുവട്ടില്‍ നേരിട്ട് കഴുകിയെടുക്കുന്നതാണ് ഉചിതം. അല്ലാത്തവ പാത്രത്തില്‍ വെള്ളമെടുത്ത് പല തവണകളിലായി കഴുകിയെടുക്കാം. കാബേജ് പോലുള്ള പച്ചക്കറികളുടെ പുറംഭാഗത്തെ ഒന്നുരണ്ട് പാളി, തൊലി നീക്കിയ ശേഷം ഉപയോഗിക്കുക. 

കറിവേപ്പില പോലുള്ള ഇലകള്‍ ആണെങ്കില്‍ അല്‍പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുത്താല്‍ അതിലെ വിഷാംശം നീങ്ങിക്കിട്ടും. ഇനി, ലെറ്റൂസ് പോലെയുള്ള ഇലകളാണെങ്കില്‍ അല്‍പം തിളച്ച വെള്ളത്തില്‍ ഒന്ന് മുക്കിയെടുത്ത് നന്നായി വെള്ളം വറ്റിച്ച്, വീണ്ടും തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം. ഇത് എന്തെങ്കിലും അണുക്കളുണ്ടെങ്കില്‍ അവ നശിച്ചുപോകാന്‍ സഹായിക്കും. 

കോളി ഫ്‌ളവര്‍ പോലുള്ള പച്ചക്കറികളാണെങ്കില്‍ അടര്‍ത്തിയെടുത്ത ശേഷം അല്‍പം മഞ്ഞള്‍ പൊടി ചേര്‍ത്ത തിളച്ച വെള്ളത്തില്‍ അഞ്ച് മിനുറ്റ് വച്ച ശേഷം മാത്രം പാകം ചെയ്യാനെടുക്കുക. 

പഴങ്ങളാണെങ്കില്‍ സാധാരണഗതിയില്‍ പൈപ്പിന് ചുവട്ടില്‍ പിടിച്ച് നന്നായി കഴുകിയെടുത്താല്‍ മതിയാകും. അതുപോലെ ആപ്പിള്‍ പോലുള്ള പഴങ്ങളുടെ തൊലിയില്‍ പൊടിയും അഴുക്കുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നത് കാണാറില്ലേ, ഇത് ചെറിയൊരു ബ്രഷുപയോഗിച്ച് ഉരച്ച് കഴുകാം. (ഇതിന് വേണ്ടി മാത്രമായി ബ്രഷ് സൂക്ഷിക്കുക. ഉപയോഗിക്കും മുമ്പ് അല്‍പം ചൂടുവെള്ളത്തില്‍ ബ്രഷ് കഴുകിയെടുക്കുകയും വേണം.) 

മുന്തിരി പോലുള്ള പഴങ്ങളില്‍ കൂടുതല്‍ കീടനാശിനി അടിക്കാറുണ്ടെന്ന് കേള്‍ക്കാറുണ്ട്. ഇത്തരം പഴങ്ങള്‍, അതിനാല്‍ത്തന്നെ അല്‍പം കൂടുതല്‍ സമയം വെള്ളത്തില്‍ മുക്കിവച്ച് പല തവണ കഴുകിയ ശേഷം മാത്രം ഉപയോഗിക്കാം. 

പഴങ്ങളാണെങ്കിലും പച്ചക്കറികളാണെങ്കിലും, വൃത്തിയാക്കുമ്പോള്‍ തന്നെ അതിലെ, കേടായ ഭാഗങ്ങള്‍ മുറിച്ചുകളയാന്‍ ശ്രദ്ധിക്കണം. അതുപോലെ അസാധാരണമായ പാടുകള്‍, വിള്ളലുകള്‍ ഒക്കെ അശ്രദ്ധമായി വിട്ടുകളയരുത്. ഇത്തരം ഭാഗങ്ങളും കൃത്യമായി നീക്കം ചെയ്ത ശേഷം വേണം ഉപയോഗിക്കാന്‍.