തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നത്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. 
ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

ഇടവേളകളില്‍ സ്നാക്സ് (ലഘുഭക്ഷണം) കഴിക്കുന്ന ശീലം  ഉപേക്ഷിക്കണം. കുറെയധികം സമയം വിശപ്പ് ഉണ്ടാകാത്ത തരത്തിലുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ രാവിലെ കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണം അടുത്തിടെ ഗവേഷകര്‍ കണ്ടെത്തി. ഈ ഭക്ഷണം നിങ്ങളുടെ വയറില്‍ നിറഞ്ഞ് കിടക്കുകയും അധികസമയം വിശപ്പ് ഉണ്ടാകാതിരിക്കാനും സഹായിക്കും. 

കൂണ്‍ അല്ലെങ്കില്‍ മഷ്‌റൂം ആണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്ന ആ ഭക്ഷണം. രാവിലെ മഷ്‌റൂം കഴിച്ചാല്‍ വയറ് നിറഞ്ഞ് കിടക്കുമെന്നും അടുത്ത സമയത്ത് ഒന്നും വിശപ്പ് ഉണ്ടാകില്ലയെന്നും ഗവേഷകര്‍ പറയുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും. അമേരിക്കയിലെ മിനിസോറ്റാ യൂണിവേഴ്സിറ്റിയാണ് (University of Minnesota) പഠനം നടത്തിയത്. മഷ്‌റൂമില്‍ ധാരാളം ഫൈബര്‍ അഥവാ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വയറ് നിറയാന്‍ സഹായിക്കുന്നത്. 

ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് കൂണ്‍. മഷ്‌റൂമില്‍ കാണപ്പെടുന്ന ശക്തിയേറിയ സെലേനിയം എന്ന ആന്‍റി ഓക്‌സിഡന്‍റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിളര്‍ച്ച തടയുന്നതില്‍ അയണിന് നല്ല പങ്കുണ്ട്. മഷ്‌റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഷ്റൂം കഴിക്കുന്നത് നല്ലതാണ്.